
ചിറയിൻകീഴ്: ശാർക്കര റെയിൽവേ ഗേറ്റിനോടു ചേർന്നു കിടക്കുന്ന ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ ഗതാഗതക്കുരുക്കിന് ശമനമില്ല. ചിറയിൻകീഴ് ഫ്ലൈഓവർ നിർമാണം ആരംഭിച്ചതോടെ ചിറയിൻകീഴ്- കടയ്ക്കാവൂർ റൂട്ടിലെ വാഹനങ്ങൾ ശാർക്കര റെയിൽവേ ഗേറ്റ് വഴിയാണ് കടന്നുപോകുന്നത്.
ഇവിടെ വാഹനങ്ങളെ നിയന്ത്രിക്കാൻ ആളില്ലാത്തതും നിരത്തുകളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കപ്പെടുന്നതും സ്ഥല പരിമിതിയുമാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇടതടവില്ലാതെ പകലന്തിയോളം കടന്നുപോകുന്നത്. മൂന്നു റോഡുകളുടെ സംഗമ വേദികൂടിയാണ് ശാർക്കര ബൈപ്പാസ് ജംഗ്ഷൻ.
കടക്കാനാകാതെ
ശാർക്കര ഗേറ്റ് അടയ്ക്കുമ്പോൾ ഗേറ്റിന് പിറകിലായി വാഹനങ്ങൾ നിരനിരയായി അണിനിരക്കുന്നതു കാരണം ബൈപ്പാസ് റോഡിൽ നിന്നും ശാർക്കര - വലിയകട റോഡിൽ പ്രവേശിക്കേണ്ട വാഹനങ്ങൾക്ക് എളുപ്പം കടക്കാനാവുന്നില്ല. ഇവിടെ ഒരു ചെറിയ ബ്ലോക്ക് ഉണ്ടാകുമ്പോൾ ബൈപ്പാസ് റോഡിലും വാഹനങ്ങളുടെ നിര രൂപപ്പെടും. ഈ സാഹചര്യത്തിൽ ഗേറ്റുകൂടി തുറക്കുമ്പോൾ വാഹനങ്ങൾക്ക് ഇടം വലം തിരിയാനാകാതെ കുരുക്കിൽപ്പെടും. വാഹനങ്ങൾ കുറച്ച് കടക്കുമ്പോൾ തന്നെ അടുത്ത ട്രെയിനിനായി ഗേറ്റ് അടയ്ക്കും.
പരിഹാരം
ബൈപ്പാസിൽ നിന്ന് വരുന്ന വാഹനങ്ങൾ ശാർക്കര- വലിയകട റോഡിൽ പ്രവേശിക്കാൻ പാകത്തിൽ ഗേറ്റ് അടയുമ്പോൾ പാർക്ക് ചെയ്താൽ ഈ വിഷയത്തിന് ചെറിയൊരു പരിഹാരമാകും. അതുപോലെ ഇവിടെ രാവിലെയും വൈകിട്ടും ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിന്റെ സേവനം ലഭ്യമാക്കുകയോ അല്ലെങ്കിൽ വേതനാടിസ്ഥാനത്തിൽ ഒരാളെ താത്കാലികമായി നിയമിക്കുകയോ വേണം. കുറച്ച് നാൾ മുമ്പ് വാഹനങ്ങളെ നിയന്ത്രിക്കാൻ ഒരാളുടെ സേവനം ലഭ്യമായിരുന്നു. ഇപ്പോൾ നാട്ടുകാരും വഴിയാത്രക്കാരും പൗരബോധമുള്ളവരും ഇടപെട്ടാണ് ഗതാഗതക്കുരുക്ക് ശമിപ്പിക്കുന്നത്.