
നെടുമങ്ങാട് : നെടുമങ്ങാട് നഗരഹൃദയത്തിൽ റവന്യു ഡിവിഷൻ ഓഫീസിന് ആസ്ഥാന മന്ദിരമായി. കച്ചേരിനടയിൽ ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള റവന്യു ടവറിന് മുന്നിലാണ് ആർ.ഡി.ഒ മന്ദിരം. ഇന്ന് വൈകിട്ട് 5ന് മന്ത്രി ജി. ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.രാജൻ ഉദ്‌ഘാടനം ചെയ്യും.നഗരസഭയിലെ 36 കുടുംബങ്ങൾക്ക് പട്ടയ വിതരണവും നടക്കും. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർ.ഡി.ഒയും അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുന്ന താലൂക്ക് ഓഫീസും ഇലക്ഷൻ വിഭാഗവും പുതിയ മന്ദിരത്തിലേക്ക് മാറും. പട്ടയ പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാകും. ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്തി ഭൂമിയും വീടും ഉറപ്പാക്കാനുള്ള നടപടികളും ഊർജ്ജിതമാവും. 2021 സെപ്തംബർ 28ന് മന്ത്രി കെ.രാജൻ മന്ദിരത്തിന് തറക്കല്ലിട്ടു. കിഫ്ബി സഹായത്തോടെ 9.75 കോടി രൂപ ചെലവിട്ടു.പൊതുമരാമത്ത് സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗം നിർവഹണച്ചുമതല വഹിച്ചു. 540 ചതുരശ്രമീറ്റർ വീതം വിസ്തീർണമുള്ള നാല് നിലകളും 157 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്റ്റെയർകേസ് റൂമും മെഷീൻ റൂമും ഉൾക്കൊള്ളുന്നതാണ് പുതിയ റവന്യു ടവർ. ഒന്നും രണ്ടും നിലകളിൽ താലൂക്ക് ഓഫീസും മൂന്നാം നില ഇലക്ഷൻ ഓഫീസും നാലാം നിലയിൽ ആർ.ഡി.ഒയും പ്രവർത്തിക്കും. ഉദ്‌ഘാടന ചടങ്ങിൽ എം.പിമാരായ അടൂർ പ്രകാശ്, ശശി തരൂർ, എ. എ റഹിം, എം.എൽ.എമാരായ ഡി.കെ. മുരളി, ജി.സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, ജില്ലാ കളക്ടർ അനുകുമാരി, നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാർ എന്നിവർ പങ്കെടുക്കും.
തിരുവനന്തപുരം ആർ.ഡി.ഒയുടെ കീഴിലുള്ള നെയ്യാറ്റിൻകര താലൂക്കും നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളും ഉൾപ്പെടുത്തി 2018 മേയിലാണ് നെടുമങ്ങാട് ആസ്ഥാനമായി ജില്ലയിൽ പുതിയ റവന്യു ഡിവിഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.നെയ്യാറ്റിൻകര താലൂക്കിനെ പിന്നീട് നെടുമങ്ങാട് റവന്യു ഡിവിഷനിൽ നിന്ന് ഒഴിവാക്കി. ബസ് സ്റ്റാൻഡിൽ നിന്ന് രണ്ടര കി.മീറ്റർ മാറി കൊപ്പത്ത് മുപ്പതിനായിരം രൂപ പ്രതിമാസ വാടകയിലാണ് നിലവിൽ ആർ.ഡി.ഒയുടെ പ്രവർത്തനം.ആർ.ഡി.ഓഫീസ് നിർമ്മിക്കാൻ നഗരമദ്ധ്യത്ത് അധികൃതർ ഇടം തെരയുമ്പോൾ,റവന്യു ടവറിനു മുന്നിൽ അന്യാധീനപ്പെടുന്ന 20 സെന്റ് സ്ഥലം സംബന്ധിച്ച് 2019 ഡിസംബർ 23 ന് 'കണ്മുന്നിലുണ്ട്, കാണുന്നില്ല 'എന്ന തലക്കെട്ടിൽ ' കേരളകൗമുദി " പ്രസിദ്ധീകരിച്ച വാർത്തയാണ് പൈതൃക നഗരിയിൽ റവന്യു ഡിവിഷൻ ആസ്ഥാന മന്ദിരത്തിന് വഴിയൊരുക്കിയത്.