1

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് 13 കുട്ടികൾ ഉപരിപഠനത്തിനായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെത്തി.നൂറുൽ ഇസ്‌ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും ദുരിത മേഖല പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏർപ്പെടുത്തിയ സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് ഇവരെത്തിയത്.

ആദ്യ സംഘമാണ് ഇന്നലെ നിംസ് മെഡിസിറ്റിയിലെത്തിയത്.വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി കെ.ആൻസലൻ എം.എൽ.എ സ്വീകരിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ രാജ് മോഹനൻ,നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവകലാശാല വൈസ് ചാൻസലറുമായ എം.എസ്.ഫൈസൽ ഖാൻ,നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ,നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷനൽ ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ ശബ്നം ഷഫീഖ്,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു,അഡ്മിനിസ്ട്രേറ്റീവ് കോഓർഡിനേറ്റർ ശിവകുമാർ രാജ്,കൗൺസിലർ സൗമ്യ,ബിനു മരുതത്തൂർ,തിരുമംഗലം സന്തോഷ്,കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികൾ ഇന്ന് നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ പങ്കെടുക്കും.സ്പീക്കർ എ.എൻ.ഷംഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.തമിഴ്നാട് ക്ഷീരവികസന മന്ത്രി ടി.മനോതങ്കരാജ്,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,എം.ആർ.ഗാന്ധി എന്നിവർ പങ്കെടുക്കും.