ശംഖുംമുഖം: ഈഞ്ചയ്ക്കൽ ഫ്ളൈഓവർ നിർമ്മാണത്തിന്റെ ഭാഗമായി ബൈപാസിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കിയതിനൊപ്പം സർവീസ് റോഡിലെ അറ്റക്കുറ്റപ്പണിയും ആരംഭിച്ചപ്പോൾ യാത്രക്കാരുടെ ദുരിതമേറിയതായി പരാതി.
കോവളം ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പ്രവേശിക്കുന്ന ബൈപാസിലെ പ്രധാന കടവാടമാണ് അടച്ചത്. ഇതോടെ നഗരത്തിലേക്കും വള്ളക്കടവിലേക്കും പോകണ്ട യാത്രക്കാർ കൂടുതൽ ദൂരം ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ്.തിരുവല്ലത്തു നിന്ന് അമ്പലത്തറ വഴി കിഴക്കേകോട്ടയിലേക്കുള്ള സർവീസ് റോഡും തകർന്നുകിടക്കുന്നതിനാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുമെന്ന് യാത്രക്കാർ പറയുന്നു.സർവീസ് റോഡുകളിൽ കേബിളുകളിടുന്നതിന്റെയും മറ്റും പണികളുമാണ് ആരംഭിച്ചത്.
അനധികൃത പാർക്കിംഗും കൈയേറ്റവും
തിരുവല്ലം മുതൽ വള്ളക്കടവ് വരെയുള്ള ബൈപാസിന്റെ ഇരുവശങ്ങളിലെ സർവീസ് റോഡുകളിലും അനധികൃത പാർക്കിംഗും ചില സ്ഥലങ്ങളിൽ കൈയേറ്റശ്രമവുമുണ്ട്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.വലിയ ട്രെയിലറുകൾ അടക്കമുള്ളവ ബൈപ്പാസിലും സർവീസ് റോഡുകളിലുമായാണ് പാർക്ക് ചെയ്യുന്നത്. ബൈപാസിൽ പാർക്കിംഗ് ചെയ്യരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് മണിക്കൂറുകളോളം വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
കർശന നടപടിയെന്ന് എസ്.പി
സർവീസ് റോഡുകളിലെയും ബൈപാസിലെയും അനധികൃത പാർക്കിംഗിനെതിരെ കർശനടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക്ക് സൗത്ത് സോൺ എസ്.പി സുൽഫിക്കർ അറിയിച്ചു.സർവീസ് റോഡിലെയും ബൈപാസിലെയും അനധികൃത വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പാർക്കിംഗ് കാരണം സ്‌കൂൾ കുട്ടികൾക്ക് പോലും കാൽനടയാത്ര ബുദ്ധിമുട്ടായി മാറിയ സ്ഥതിക്ക് ഇത്തരത്തിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ആദ്യഘട്ടമെന്ന നിലയിൽ പിഴ നോട്ടീസ് ഒട്ടിക്കുമെന്നും അതിനുശേഷവും പാർക്കിംംഗ് നടത്തുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് കസ്റ്റഡിലെടുക്കുമെന്നും എസ്.പി പറഞ്ഞു.