ajith

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനചുമതലയിൽ നിന്ന് മാറ്റാതെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം വെറും കൺകെട്ട്. പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് അന്വേഷിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും അദ്ദേഹത്തിന് മേൽനോട്ടം മാത്രമാണുള്ളത്. അന്വേഷണസംഘത്തിലെ മറ്റ് നാലുപേരും എ.ഡി.ജി.പി അജിത്തിന്റെ കീഴുദ്യോഗസ്ഥരാണ്. മേലുദ്യോഗസ്ഥനെ ചോദ്യംചെയ്യാനോ മൊഴിയെടുക്കാനോ തെളിവെടുക്കാനോ ഇവർക്കാവില്ല. ഐ.ജിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുമായ ജി.സ്പർജ്ജൻകുമാറിനാണ് അന്വേഷണനേതൃത്വം. അദ്ദേഹവും സംഘത്തിലുള്ള തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺജോസും അജിത്കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടവരാണ്. സംഘത്തിലുള്ള എസ്.പി എ.ഷാനവാസ്, വിരമിച്ചശേഷം ഐ.പി.എസ് സ്ഥാനക്കയറ്റം ലഭിച്ച് കഴിഞ്ഞമാസം സർവീസിൽ തിരിച്ചെത്തിയതാണ്. മറ്റൊരു എസ്.പി എസ്.മധുസൂദനൻ എ.കെ.ജി സെന്റർ ആക്രമണക്കേസടക്കം അന്വേഷിച്ച സി.പി.എമ്മിന്റെ വേണ്ടപ്പെട്ടയാളാണ്. ഇവരുടെയൊന്നും കൈയിലൊതുങ്ങുന്നതല്ല അജിത്തിനെതിരായ അന്വേഷണം.

സ്വർണക്കടത്ത്, കൊലപാതകം, മന്ത്രിമാരുടെയടക്കം ഫോൺചോർത്തൽ, സ്വർണംപൊട്ടിക്കൽ, കോടികളുടെ കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എം.എൽ.എ ഉന്നയിച്ചത്. എ.ഡി.ജി.പിയുടെ മൊഴിയെടുത്ത് ഇതേക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കാൻ സംഘത്തിന് കഴിയില്ല. പൊലീസ് മേധാവി നേരിട്ട് അന്വേഷണത്തിനിറങ്ങുക പതിവില്ല. അദ്ദേഹം ഭരണപരമായ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. 30ദിവസത്തിനകം അന്വേഷണറിപ്പോർട്ട് നൽകാനാണ് സർക്കാർ ഉത്തരവ്. ഫലത്തിൽ അജിത്കുമാർ എഴുതിനൽകുന്ന ക്ലീൻചിറ്റ് സർക്കാരിന് സമർപ്പിക്കുകയാവും അന്വേഷണസംഘത്തിന് മുന്നിലെ വഴി.

മുൻകാലങ്ങളിൽ അന്വേഷണം നേരിടുന്നവരെ പദവിയിൽ നിന്നൊഴിവാക്കുകയായിരുന്നു പതിവ്. ഗുരുതര ആരോപണങ്ങളാണെങ്കിൽ അന്വേഷണവിധേയമായി സസ്പെൻഡ്ചെയ്യും. എന്നാൽ സേനയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതര ആരോപണങ്ങൾ നേരിട്ടിട്ടും അജിത്കുമാറിനെ സംസ്ഥാനത്തിന്റെയാകെ ക്രമസമാധാനചുമതലയിൽ തുടരാൻ അനുവദിക്കുകയാണ് സർക്കാർ. തെളിവുകൾ ഇല്ലാതാക്കാനും അന്വേഷണത്തിന്റെ വഴിതിരിച്ചുവിടാനും ഇത് ഇടയാക്കും. എ.ഡി.ജി.പി ഉന്നതപദവിയിൽ തുടരുന്നതിനാൽ അന്വേഷണസംഘത്തോട് സത്യം വെളിപ്പെടുത്താനും പരാതികളിൽ ഉറച്ചുനിൽക്കാനും ആളുകൾ മടിക്കും.

അന്വേഷണ വിഷയങ്ങൾ

1. ആഗസ്റ്റ്23ന് പി.വി.അൻവർ മലപ്പുറം എസ്.പിക്ക് നൽകിയ പരാതി (15ലക്ഷത്തിന്റെ റോപ്പ്മോഷണം, എസ്.പിയുടെ മരംമുറി തുടങ്ങിയവ)

2. പരാതിക്ക് അനുബന്ധമായി അൻവർ ഉന്നയിച്ച ആരോപണങ്ങൾ (സ്വർണക്കടത്ത്, ആളെക്കൊല്ലിക്കൽ, സ്വർണംപൊട്ടിക്കൽ അടക്കം)

3. സെപ്തംബർ ഒന്നിന് എ.ഡി.ജി.പി അജിത്കുമാർ നൽകിയ പരാതി. (അൻവറിനെതിരായ പരാതികളടക്കം ഇതിലുണ്ടെന്ന് സൂചന)

രാത്രിയിലെ അട്ടിമറി

ചുമതലയിൽ നിന്നുമാറ്റിയാൽ അൻവറിന്റെ ആരോപണങ്ങൾ സർക്കാർ ശരിവയ്ക്കുന്നെന്ന് വിലയിരുത്തപ്പെടുമെന്ന് അജിത്ത് നിലപാടെടുത്തു.

കൂടുതൽ ആരോപണങ്ങളുമായി പലരും രംഗത്തെത്താനിടയുണ്ടെന്ന് വിലയിരുത്തൽ.

അജിത്തിനു പിന്നാലെ പി.ശശിയെയും മാറ്റേണ്ടിവരുമെന്നും ഇത് തെറ്റുതിരുത്തലിന് തുല്യമാവുമെന്നും രാഷ്ട്രീയക്കളികൾക്ക് വഴങ്ങേണ്ടെന്നും തീരുമാനം.

ഡി.ജി.പിയുടെ അന്വേഷണത്തിൽ കുറ്റംതെളിഞ്ഞാൽ മാത്രം മാറ്റിയാൽ മതിയെന്ന് തീരുമാനിച്ച് അജിത്തിന് തുടരാൻ സർക്കാർ പച്ചക്കൊടികാട്ടി.