fhyg

തിരുവനന്തപുരം: നിയമ നിർമ്മാണത്തിനായി ഒക്ടോബർ ഏഴ് മുതൽ 17 വരെ നിയമസഭ സമ്മേളിച്ചേക്കും. ഭരണപക്ഷ എം.എൽ.എ പി.വി. അൻവറിന്റെ ആരോപണങ്ങൾ വിവാദമാവുകയും പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ സമ്മേളനം പ്രക്ഷുബ്ധമായേക്കും.

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനിടെ വന്നേക്കാം. പതിനഞ്ചാം നിയമസഭയുടെ 12-ാം സമ്മേളനത്തിൽ എട്ട് ബില്ല് പരിഗണിക്കും. നിയമനിർമ്മാണത്തിനായുള്ള ഈ സർക്കാരിന്റെ അവസാന സമ്മേളനമായിരിക്കുമിത്. വയോജന സംരക്ഷണബിൽ, മലബാർ ദേവസ്വം ഭേദഗതി ബിൽ, ഡിജിറ്റൽ സർവേ ബിൽ, നാല് വർഷ ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ, വിദേശ സർവകലാശാല നിയമഭേദ ഗതി ബിൽ, ആംനെസ്റ്റി സ്‌കീം നിറുത്തലാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ, ഗാർഹിക തൊഴിലാളി സംരക്ഷണ നിയമം, ഹെഡ്‌ലോഡ് വർക്കേഴ്സ് ഭേദഗതി ബിൽ, ഈസ് ഒഫ് ബിസിനസ് സംബന്ധിച്ച ബിൽ എന്നിവയാണ് പരിഗണിക്കുക.
മലബാർ ദേവസ്വം ഭേദഗതിയിൽ പഴയ നിയമം മാറ്റി പുതിയത് കൊണ്ടുവരും. വിവാദമായ അന്ധവിശ്വാസവും അനാചാരവും ബില്ലും ചർച്ച് ബില്ലും പരിഗണച്ചേക്കില്ല. അടുത്ത വർഷം ആദ്യം ധനകാര്യബിൽ കൂടി പാസാക്കുന്നതിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.