തിരുവനന്തപുരം: ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ കൗൺസലിംഗിനു ശേഷം ശിശുക്ഷേമ സമിതിയിലെത്തിച്ച അസാം ബാലികയെ രണ്ട് ദിവസത്തിനുള്ളിൽ സ്കൂളിൽ അയയ്ക്കുമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപി അറിയിച്ചു. ഇതിനായി നഗരത്തിലെ സ്കൂളുമായി ബന്ധപ്പെട്ടു. ഏഴാംക്ളാസിലാണ് ചേർക്കുക.

ഒരു മാസം മുൻപ് അസാമിൽനിന്ന് തലസ്ഥാനത്തെത്തിയ 13 വയസുകാരിയെ വീട്ടുകാർ സ്കൂളിൽ ചേർത്തിരുന്നെങ്കിലും സ്കൂളിൽ പോകാൻ സാധിച്ചിരുന്നില്ല.ആഗസ്റ്റ് 20നാണ് മാതാപിതാക്കളുമായി പിണങ്ങി ബാലിക വീടുവിട്ടിറങ്ങിയത്. വിപുലമായ തെരച്ചിലിനൊടുവിൽ ഒന്നര ദിവസത്തിനുശേഷമാണ് കുട്ടിയെ വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയത്.

ഒരാഴ്ച നീണ്ട കൗൺസലിംഗ് തിങ്കളാഴ്ചയാണ് അവസാനിച്ചത്.തുടർന്ന് പിതാവ് ബലപ്രയോഗത്തിലൂടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വീട്ടിലേക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ബാലിക. വീട്ടിലേക്ക് അയയ്ക്കരുതെന്നും പഠിക്കാൻ സൗകര്യമൊരുക്കിത്തന്ന് തിരുവനന്തപുരത്തെ ഏതെങ്കിലും സി.ഡബ്ല്യു.സി ഹോമിൽ നിറുത്തണമെന്നും കുട്ടി കരഞ്ഞപേക്ഷിച്ചതിനെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിശുക്ഷേമസമിതിയിലേക്ക് അയച്ചത്. കുട്ടി വളരെ സന്തോഷവതിയാണെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അറിയിച്ചു.