cinema

തിരുവനന്തപുരം: സാസ്കാരിക വകുപ്പിന്റെ സിനിമാ കോൺക്ലേവ് ‌‌ഡിസംബറിലേക്ക് മാറ്രിയേക്കും. നവംബർ 23,24 തീയതികളിലാണ് തീരുമാനിച്ചിരുന്നത്. നവംബർ 20 - 28 ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ഐ) നടക്കുന്നതിനാലാണ് കോൺക്ലേവ് മാറ്റുന്നത്. കോൺക്ലേവിൽ ചർച്ച ചെയ്യേണ്ട സിനിമാ നയം രൂപീകരിക്കുന്ന സമിതി ഉടച്ചു വാർക്കാനും തീരുമാനിച്ചു. ലൈംഗികാരോപണം നേരിടുന്ന എം.എൽ.എ മുകേഷിനെ സമിതിയിൽ നിന്നൊഴിവാക്കും.

കോൺക്ലേവിൽ പ്രമുഖ സിനിമാ പ്രവർത്തകരെയും സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിക്കും. 'അമ്മ'യും ഡബ്ലിയു.സി.സിയും പങ്കെടുക്കില്ലെന്ന നിലപാടിലാണ്. ഈ സംഘടനകളെ അനുനയിപ്പിക്കും. മറ്റ് ഭാഷകളിലേയും വിദേശത്തേയും പ്രതിനിധികളേയും പങ്കെടുപ്പിക്കും. ഗോവ മേള കഴിഞ്ഞ ഉടനേയോ ഐ.എഫ്.എഫ്.കെ തുടങ്ങുന്നതിനു തൊട്ടു മുമ്പോ കോൺക്ലേവ് നടത്തിയാൽ ഇത് സാദ്ധ്യമാകുമെന്നാണ് ചലച്ചിത്ര അക്കാഡമിയും കെ.എസ്.എഫ്.ഡി.സിയും സാംസ്കാരിക വകുപ്പിനെ അറിയിച്ചിട്ടുള്ളത്. ഡിസംബർ 13 മുതൽ 20 വരെയാണ് തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ.

കോൺക്ലേവിൽ ആരൊക്കെ പങ്കെടുക്കണമെന്ന് സർക്കാർ തീരുമാനിക്കും. മുന്നൂറോളംപേരെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സിനിമാ നയം നടപ്പാക്കിയ 17 സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉറപ്പാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

സിനിമാ നയത്തിന്റെ കരടിനു പുറമെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളും ചർച്ച ചെയ്യും. ഹേമ കമ്മിറ്റി ശുപാർശകളും പരിഗണിച്ച് രണ്ട് മാസത്തിനകം സിനിമാ നയത്തിന്റെ കരട് തയാറാക്കാൻ 2023 ജൂലായിലാണ് ഷാജി എൻ. കരുൺ അദ്ധ്യക്ഷനായി സമിതിയെ നിശ്ചയിച്ചത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന മിനി ആന്റണി, എം.എൽ.എയും നടനുമായ എം. മുകേഷ്, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടിമാരായ മഞ്ജു വാര്യർ, പത്മപ്രിയ, നിഖില വിമൽ, ഛായാഗ്രാഹകൻ രാജീവ് രവി, നിർമാതാവ് സന്തോഷ് കുരുവിള, അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരായിരുന്നു അംഗങ്ങൾ.

സമിതി കൺവീനറായി നിശ്ചയിച്ച മിനി ആന്റണി വിരമിച്ച് പുതിയ സെക്രട്ടറി ചുമതലയേറ്റിട്ടും അവരുടെ പേര് നീക്കിയിട്ടില്ല. മഞ്ജു വാര്യരും രാജീവ് രവിയും സമിതിയിൽ നിന്ന് ഒഴിവായിരുന്നു. അദ്ധ്യക്ഷനെ നിലനിറുത്തിയായിരിക്കും സമിതി പുനഃസംഘടിപ്പിക്കുക.