പാപ്പനംകോട്‌: ആദ്യം സ്‌ഫോടനം,​പിന്നാലെ ഗ്ലാസുകൾ പൊട്ടിച്ചിതറി,​തുടർന്ന് തീ ആളിപ്പടർന്നു. രണ്ടുപേരുടെ ദാരുണ മരണത്തിനിടയാക്കിയ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പാപ്പനംകോട് ഏജൻസി ഓഫീസിലെ തീപിടിത്തത്തിന്റെ ഞെട്ടലിലാണ് സമീപവാസികൾ.

ഉഗ്രശബ്ദം കേട്ടെങ്കിലും വാഹനങ്ങൾ കൂട്ടിയിടച്ചതാകാമെന്നാണ് കടക്കാരും നാട്ടുകാരും ആദ്യം കരുതിയത് .

പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് താഴെയും മുകളിലുമായി രണ്ട്‌ മുറികൾ വീതമുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിൽ തീപടരുന്നത്‌ ശ്രദ്ധയിൽപ്പെട്ടത്‌. കെ.എസ്‌.ഇ.ബിയിലെ താത്കാലിക ജീവനക്കാരൻ വിഷ്‌ണുവിന്‌ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. തീപടരുന്നത്‌ കണ്ട്‌ ഓടിയെത്തിയതായിരുന്നു ഇയാൾ. ടയർ പഞ്ചർ ഒട്ടിക്കാൻ സമീപത്തെ കടയിലെത്തിയപ്പോഴാണ് സംഭവം.

വിഷ്ണു ഉൾപ്പെടെ ഓടിക്കൂടിയവർ പിറകിലെ വീട്ടിൽ നിന്ന്‌ വെള്ളമെടുത്ത്‌ തീകെടുത്താൻ ആരംഭിച്ചു. ഇൻഷ്വറൻസ് ഏജൻസി ഓഫീസ്‌ ജീവനക്കാരി വൈഷ്‌ണ പുറത്തുകടന്നെന്നായിരുന്നു എല്ലാവരും കരുതിയത്. പകുതിയോളം തീ അണഞ്ഞതോടെ ചിലർ മുകളിലെത്തി നോക്കിയപ്പോഴാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അപ്പോഴേക്കും രാജാജി നഗറിൽ നിന്നുള്ള ഫയർഫോഴ്‌സ്‌ യൂണിറ്റും പൊലീസും സ്ഥലത്തെത്തി. തുടർന്ന്‌ മൃതദേഹങ്ങൾ സ്വകാര്യ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

ഡി.എൻ.എ പരിശോധന നടത്തും

മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഡി.എൻ.എ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. വൈഷ്ണയുടെ സഹോദരൻ വിഷ്ണുവിന്റെ മൊഴിയനുസരിച്ച് നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത ശേഷമാണ് പരിശോധനയ്‌ക്ക് തീരുമാനിച്ചത്. സംഭവ സ്ഥലം ഫോറൻസിക് വിദഗ്ദ്ധരും ഇലക്ട്രിസിറ്റി ഇൻപെക്ടറേറ്റ് അധികൃതരും പ്രമുഖ ഗൃഹോപകരണ ഡീലറുടെ എ.സി ടെക്‌നീഷ്യനും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തീപിടിത്ത സാദ്ധ്യത കണ്ടെത്താനായില്ല. കത്തിക്കരിഞ്ഞ വസ്‌തുക്കളുടെ സാമ്പിൾ ഫോറൻസിക് ലാബിലേക്ക് മാറ്റി. ഇവയുടെ പരിശോധനയിൽ മാത്രമേ പെട്രോളോ മറ്റെന്തെങ്കിലും ഉപയോഗിച്ച് കത്തിച്ചതാണോ എന്ന് സ്ഥിരീകരിക്കാനാവൂ.

പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്

എ.ഐ ക്യാമറയിലൂടെ

ഉച്ചയ്ക്ക് 1.15ഓടെ ആരോ ഒരാൾ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോകുന്നത് സമീപത്തെ ചില കടക്കാർ കണ്ടിരുന്നു തീപിടിത്തം നടന്ന സ്ഥാപനത്തിലോ സമീപത്തെ സ്ഥാപനങ്ങളിലോ സി.സി ടിവി ക്യാമറ ഇല്ലാത്തതിനാൽ വൈഷ്‌ണയ്ക്കൊപ്പം വെന്തുമരിച്ചത് ആരെന്ന് കണ്ടെത്താനായിരുന്നില്ല. സമീപത്തെ വിശ്വാസ് മെഡിക്കൽ സ്റ്റോറിൽ ക്യാമറ ഉണ്ടെങ്കിലും അതിൽ ഈ സ്ഥാപനത്തിലേക്കുള്ള സ്റ്റെയർകേസിന്റെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. തുടർന്ന് പാപ്പനംകോട് ജംഗ്‌ഷനിലെ എ.ഐ ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചപ്പോഴാണ് ഉച്ചയ്‌ക്ക് 1.15ഓടെ ഒരു പുരുഷൻ സ്ഥാപനത്തിലേക്ക് കയറിപ്പോകുന്നത് കണ്ടത്. വളരെ ദൂരെ നിന്നുള്ള ദൃശ്യമായതിനാൽ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇയാൾ കയറിപ്പോയ ശേഷമാണ് പൊട്ടിത്തെറിയുണ്ടായത്.


ഇടുങ്ങിയ മുറി,

ചെറിയ വാതിൽ

സ്റ്റെയർകേസ് കയറി ചെല്ലുമ്പോൾ വളരെ ഇടുങ്ങിയ മുറിയിലാണെത്തുന്നത്. വാതിലിന് അഭിമുഖമായാണ് വൈഷ്‌ണ ഇരിക്കുന്ന മേശ. ഈ ഭാഗത്താണ് തീപിടിച്ചത്. തീ ആളിക്കത്തുന്നത് കണ്ട ചിലർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.