
ചെന്നൈ: ശ്രീലങ്കയിലെ സിംഹള സർക്കാരിനെതിരെ പോരാടാൻ വീണ്ടും എൽ.ടി.ടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ആഹ്വാനം നൽകി! സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ കണ്ടാൽ അങ്ങനെയേ തോന്നൂ. പക്ഷെ, ആ വീഡിയോ ഡീപ് ഫേക്ക് – നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്.
യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ.ടി.ടി.ഇ അനുകൂല സംഘത്തിന്റെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ വീഡിയോ സന്ദേശമെന്നാണ് അനുമാനം. ശ്രീലങ്കൻ സൈന്യവുമായുള്ള പോരാട്ടത്തിൽ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള പ്രചാരണം ശക്തമായി നിലനിൽക്കെയാണ് ഈ വീഡിയോ പുറത്തുവന്നത്.
''നിരവധി പോരാട്ടങ്ങൾ നമ്മൾ നടത്തി. പക്ഷേ, നമ്മളെ ഒറ്റിക്കൊടുക്കുന്നവരെയും രാജ്യദ്രോഹികളെയും ഉന്മൂലനം ചെയ്യണം. ഒറ്റക്കെട്ടായി നിൽക്കാനും ശത്രുക്കളെ തുരത്താനും സംഘടിക്കണം.' – ഡീപ് ഫേക്ക് വീഡിയോയിൽ വേലുപ്പിള്ള പറയുന്നു. പ്രായം ചെന്ന നിലയിൽ പ്രഭാകരന്റെ മുഖത്തോട് സാമ്യം തോന്നിക്കുന്ന വ്യക്തിയാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തേ 'സിംഹള' സർക്കാരിനെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന പ്രഭാകരന്റെ മകൾ ദ്വാരകയുടെ വ്യാജ 'ലൈവ് സ്ട്രീം' വീഡിയോയും വന്നിരുന്നു. എൽ.ടി.ടിഇ അനുകൂല സംഘടനകൾക്ക് പണം പിരിക്കുന്നതിനാണ്, വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന രീതിയിലുള്ള വിഡിയോകൾ പ്രചരിപ്പിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. 2009 മേയ് 19ന് നടന്ന ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ലങ്കൻ സൈന്യം പ്രഭാകരനെയും കുടുംബാംഗങ്ങളെയും വധിച്ചത്.
കഴിഞ്ഞ വർഷം നവംബർ 27ന് വേലുപ്പിള്ള പ്രഭാകരന്റെ 69ാം ജന്മദിനം . 'മാവീരർ നാൾ' (വീരന്മാരുടെ ദിനം) ആയി ലങ്കയിലെ എൽ.ടി.ടി.ഇ അനുകൂലികൾ ആഘോഷിച്ചിരുന്നു. ജാഫ്ന സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ അന്ന് കേക്ക് മുറിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പിറന്നാൾ ദിനത്തിൽ വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ ദിവസമാണ് രക്തസാക്ഷികളായ തമിഴ് പുലികളെ ഇവർ അനുസ്മരിച്ചിരുന്നത്.