ആര്യനാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആര്യനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടിയയാൾ ആശുപത്രി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. പുളിമൂട് സ്വദേശി സതീഷിനെതിരെയാണ് ജീവനക്കാർ പരാതി നൽകിയത്. ആശുപത്രി ജീവനക്കാരായ അറ്റൻഡർ എസ്. സുജാത(47), സെക്യുരിറ്റി എസ്.ഷാജി(53) എന്നിവരാണ് സതീഷ് ആക്രമിച്ചെന്ന്കാണിച്ച് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിയ സതീഷിന്റെ മുറിവ് വൃത്തിയാക്കുന്നതിനിടെ പ്രകോപനങ്ങൾ ഒന്നുമില്ലാതെ സതീഷ് ചാടി എഴുന്നേറ്റ് സുജാതയുടെ തോളിൽ ഇടിച്ചെന്നും ഇതറിഞ്ഞ് എത്തിയ ഷാജിയുടെ വയറ്റിൽ സതീഷ് ചവിട്ടിയെന്നുമാണ് പരാതി. ആശുപത്രിയിൽ ഉണ്ടായിരുന്നവർ സതീഷിനെ പിടിച്ചുമാറ്റുകയും ഡോക്ടർ ഇയാളെ മെഡിക്കൽകോളേജിലേക്ക് റഫർചെയ്യുകയും ചെയ്തു. എന്നാൽ ആശുപത്രി ജീവനക്കാർ തന്നെ മർദ്ദിച്ചെന്ന് കാണിച്ച് സതീഷും ആര്യനാട് സ്റ്റേഷനിൽ പരാതി നൽകി.