
പൂവാർ: പൂവാർ കാഞ്ഞിരംകുളം റോഡിൽ പൂവാർ ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള റോഡുമുഴുവൻ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ആഴ്ചകൾക്കു മുമ്പ് മെയിന്റനൻസ് നടത്തിയ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായിരിക്കുന്നത്. ചെറിയ മെറ്റലും പാറപ്പൊടിയും കുഴച്ചിട്ട നിലയിലാണ് റോഡിന്റെ അവസ്ഥ. വാഹനങ്ങൾ കയറിയിറങ്ങി മെറ്റൽ മുഴുവൻ റോഡിലേക്ക് വാരി വിതറിയ പോലെയാണ്. വെയിലാകുമ്പോൾ പൊടിയും പറക്കും. റോഡ് പൊളിഞ്ഞതോടെ അപകടങ്ങളും പതിവായിട്ടുണ്ട്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൂവാർ പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയാണ് പൈപ്പ് കുഴിച്ചിടാൻ റോഡുകൾ കുത്തിപ്പൊളിച്ചത്. പൊളിഞ്ഞ ഭാഗം ടാർ ചെയ്ത് പൂർവസ്ഥിതിയിൽ ആക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. വാട്ടർ അതോറിട്ടിയാണ് റോഡ് വർക്ക് ഏറ്റെടുത്ത് നടപ്പാക്കിയത്. കോരിച്ചൊരിയുന്ന മഴയത്ത് ടാർ വർക്ക് നടത്തിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ അപ്പോൾത്തന്നെ പരാതി പറഞ്ഞിരുന്നു.
ടാർ ഇളകി റോഡിലേക്ക്
മഴ മാറിയതോടെ ടാർ മുഴുവൻ ഇളകി റോഡിലേയ്ക്കാവുകയായിരുന്നു.
പൂവാർ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, പ്രൈമറി സ്കൂൾ, പൊലീസ് സ്റ്റേഷൻ, ഗ്രാമ പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, മാർക്കറ്റ്, ഗവ.ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രധാന റോഡിന്റെ ദുരവസ്ഥയാണിത്. നാട്ടുകാർ ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.സജയകുമാറിനെ വിവരം ധരിപ്പിച്ചതോടെയാണ് പരാതികൾ കൂടിയത്.