വിഴിഞ്ഞം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ 20 ഏക്കർ സ്ഥലത്തെ ജമന്തിപ്പൂക്കളുടെ വിളവെടുപ്പ് ഇന്ന് രാവിലെ 8.30ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.കല്ലിയൂർ കൃഷിഭവന്റെ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായായിരുന്നു പൂക്കൃഷി.

പെരിങ്ങമ്മല വാട്ടർ ടാങ്കിന് സമീപത്താണ് ഉദ്ഘാടനം നടക്കുന്നത്.

പെരിങ്ങമ്മലയിൽ മാത്രം രണ്ട് ഏക്കറിലാണ് പൂക്കളും പച്ചക്കറിയും കൃഷിചെയ്തിരിക്കുന്നത്. 15-ാം വാർഡിലെ പൂക്കൃഷിയുടെ പ്രദർശനോദ്‌ഘാടനം 8ന് കേന്ദ്രമന്ത്രി നി‌ർവഹിക്കുമെന്നാണ് സൂചന. നാളെ മുതൽ ആരംഭിക്കുന്ന അത്തപൂക്കളത്തിനായുള്ള കിറ്റും ഇവിടെനിന്ന് ലഭിക്കും.പഞ്ചായത്തിലെ ചെറുകിട പൂക്കർഷകരിൽ നിന്നുൾപ്പെടെ പൂക്കൾ ശേഖരിച്ചാകും കിറ്റ് വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസർ സൊപ്‌ന പറഞ്ഞു.

എം.വിൻസെന്റ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.അനിൽ കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ തുടങ്ങിയവർ പങ്കെടുക്കും.