കടയ്ക്കാവൂർ: ഓവർബ്രിഡ്ജ് - മാച്ചത്ത് മുക്ക് വഴി മീരാൻകടവ് റോഡ് അപകടക്കെണിയായിട്ടും അധികൃതർ മൗനം പാലിക്കുന്നു. ആലംകോട് - മീരാൻകടവ് റോഡ് പണിയുടെ ഭാഗമായി ഓവർബ്രിഡ്ജ് വരെ പണി മാസങ്ങൾക്ക് മുമ്പേ പൂർത്തിയാക്കിയിരുന്നു. എന്നാൽ ബാക്കിയുളള കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് - മാച്ചത്ത്മുക്ക് വഴി മീരാൻകടവ് റോഡ് ടാറിളക്കി പൊളിച്ചിട്ട് പണി തുടങ്ങാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കടയ്ക്കാവൂർ ഓവർബ്രിഡ്ജ് മുതൽ മീരാൻകടവ് വരെ റോഡിന്റെ പലഭാഗങ്ങളും കാണാൻ കഴിയാത്ത രീതിയിൽ വെള്ളക്കെട്ടും ചെളിയുമാണ്. പെെപ്പിടാൻ എടുത്ത കുഴികളും വേറെ. കുഴികൾ മനസിലാകാതെ ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ വീഴുന്നതും നിത്യസംഭവമാണ്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിൽ നിരവധി സർവീസ് ബസുകളും മറ്റ് വാഹനങ്ങളും കൊണ്ട് തിരക്കനുഭവപ്പെടുന്നതും പതിവായിട്ടുണ്ട്. റോഡിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ പൊതുജനങ്ങൾക്ക് കഴിയാത്ത അവസ്ഥയുണ്ട്. ഇത് വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നു. ഈ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.