തിരുവനന്തപുരം: പൈപ്പ് പൊട്ടലുകൾ തുടർക്കഥയായതോടെ ഓണത്തിന് കുടിവെള്ളം മുട്ടുമോ എന്ന ആശങ്കയിലാണ് നഗരവാസികൾ. പുതിയ ഡി.ഐ പൈപ്പിടുന്നതും മൺവിളയിലെ പൈപ്പ്ലൈനിന്റെ ചോർച്ച പരിഹരിക്കുന്നതും ഉൾപ്പെടെയുള്ള കാരണങ്ങൾ കേട്ട് മടുത്തെന്നാണ് ഇവർ പറയുന്നത്.
വർഷങ്ങൾക്ക് മുമ്പ് ആറ്റുകാൽ പൊങ്കാലയുടെ തലേദിവസം വഴയിലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം മുട്ടിയതിന് സമാനമായ പ്രതിസന്ധി ഓണത്തിനുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇവർ. വഴുതക്കാട് ഉദാരശിരോമണി റോഡിൽ മൂന്നു ദിവസമായി വെള്ളം തീരെ ലഭിക്കുന്നില്ലെന്നാണ് പരാതി. ഇവിടെ വർഷങ്ങളായി രാത്രിയിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഉദാരശിരോമണി മെയിൻ റോഡിലുള്ളവർക്കാണ് കൂടുതൽ ദുരിതം.
കിടപ്പുരോഗികൾ,പ്രായമായവർ,കുട്ടികൾ ഉൾപ്പെടെ അടങ്ങുന്ന 140ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.
നഗരസഭയുടെ ലോറിയിലെത്തിക്കുന്ന വെള്ളം പാത്രങ്ങളിൽ മാത്രമേ നിറയ്ക്കൂവെന്നും ടാങ്കിൽ നിറയ്‌ക്കില്ലെന്നും പ്രദേശവാസികൾ പറയുന്നു. പ്രായമായവർക്ക് പുറത്തിറങ്ങി വെള്ളം ശേഖരിക്കുന്നത് ബുദ്ധിമുട്ടാണ്. വാടക വീടുകളിലുള്ളവർക്ക് ടാങ്ക് വാങ്ങി വയ്ക്കാനും പണമില്ലാത്ത അവസ്ഥയാണ്. രാത്രി ലഭിക്കുന്ന വെള്ളത്തിന് വേണ്ടത്ര മർദ്ദമില്ലെന്നത് കൂടാതെ വെള്ളം എപ്പോഴെത്തുമെന്ന് ഉറപ്പില്ലാത്തതിനാൽ ഉറക്കവും തടസപ്പെടുന്നു.
കാറ്റടിച്ചാൽ ദാഹം തീരുമോ?
രാവിലെ എഴുന്നേൽക്കുമ്പോൾ കാറ്റ് വരുന്ന പൈപ്പാണ് പാൽക്കുളങ്ങര ചെമ്പകശേരി ലെയ്‌നിലെ കുടുംബങ്ങൾ കുറച്ചുനാളായി കാണുന്നത്. ഇപ്പോൾ രണ്ടുദിവസമായി വെള്ളം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചെമ്പകശേരി ജംഗ്ഷനിലെ മഠത്തിൽ ലെയിൻ,താന്നിമൂട് ലെയ്‌ൻ,കൈരളിലെയ്‌ൻ,പോസ്റ്റ്ഓഫീസ്‌ലെയ്‌ൻ, തേങ്ങാപ്പുര ലെയ്ൻ,ശീവേലിനഗർ, ടി.ആർ.സുകുമാരൻ ലെയ്‌ൻ എന്നിവടിങ്ങളിലെ താമസക്കാരും ദുരിതമനുഭവിക്കുന്നു.
സ്‌കൂൾ-ഓഫീസ് സമയങ്ങളിൽ വെള്ളം മുടങ്ങുന്നതും പ്രധാനപ്രശ്‌നമാണ്. വെള്ളയമ്പലത്തെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി വലിയശാലയിലും വെള്ളം ലഭിച്ചിരുന്നില്ല.
പണി ഇനിയും കിട്ടുമോ?
കുടിവെള്ളക്ഷാമം രൂക്ഷമായ തൈക്കാട് ഡ്രെയിനേജ് റോഡിൽ സ്‌മാർട്ട് സിറ്റിയുടെ റോഡുപണി ഇല്ലെങ്കിൽ മാത്രം വെള്ളം കിട്ടും. മേട്ടുക്കട,ജ്യോതിപുരം,ബാങ്ക് മുടുക്ക്,ശംഖുചക്രം ലെയ്‌ൻ,ശാന്തികവാടത്തിന് സമീപത്തെ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ ഇപ്പോഴും വെള്ളം കിട്ടിത്തുടങ്ങിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
മന്ത്രിമാർക്ക് ഉൾപ്പെടെ പലതവണ പരാതിപ്പെട്ടിട്ടും ഫലമില്ല. മുമ്പ് 24 മണിക്കൂറും
വെള്ളം കിട്ടുന്ന സ്ഥലമായിരുന്നു. പ്രശ്‌നം തുടങ്ങിയിട്ട് 2-3 വർഷമായി.
റെൻ എബ്രഹാം, ഉദാര
ശിരോമണി റോഡ് നിവാസി