
' വിശ്വാസം, അതാണല്ലോ എല്ലാം' ഇതൊരു പരസ്യവാചകമാണെങ്കിലും അതിലുമുണ്ട് ചില കാര്യങ്ങൾ. സമൂഹം ഓരോ സംഭവങ്ങൾക്കും വില കൽപ്പിക്കുന്നത് അത് പറയുകയും അല്ലെങ്കിൽ നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തികളുടെ വിശ്വാസ്യതയുടെ കൂടി അടിസ്ഥാനത്തിലാണ്. ഈ വിശ്വാസം ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമല്ലതാനും. സി.പി.എം സ്വതന്ത്രനായ ഭരണപക്ഷ എം.എൽ. എയും വ്യവസായിയുമായ പി.വി.അൻവർ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾക്ക് അതീവ ഗൗരവത്തോടെ അത് കേട്ടിരുന്ന ജനങ്ങൾ സാക്ഷ്യം വഹിക്കേണ്ടി വന്ന അതിന്റെ പരിസമാപ്തിയുമൊക്കെ എങ്ങനെയായിരുന്നുവെന്ന് നമുക്കറിയാം.സമൂഹപ്രതിബദ്ധതയുടെയും രാഷ്ട്രീയസംശുദ്ധിയുടെയും ഉത്തമ പ്രതീകം എന്ന മട്ടിലാണ് അൻവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇതെല്ലാം വെളിപ്പെടുത്തിയത്. അൽപ്പം മുൻശുണ്ഠിയൊക്കെ ഉണ്ടെങ്കിലും അൻവർ ആളൊരു ശുദ്ധഗതിക്കാരനാണ്. മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ദേശീയ പ്രസ്ഥാനവുമായി ബന്ധമുള്ള കുടുംബത്തിലാണ് അൻവറിന്റെ ജനനം. മമ്പാട് എം.ഇ.എസ് കോളേജിൽ ധനതത്വശാസ്ത്രത്തിൽ ബിരുദപഠനം നടത്തുമ്പോൾ കെ.എസ്.യു പ്രതിനിധിയായി കോളേജ് യൂണിയൻ ചെയർമാനായിരുന്നു. 2011 അസംബ്ളി തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ പക്ഷെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിച്ചത്. കോൺഗ്രസുമായി ബാന്ധവമുപേക്ഷിച്ചായിരുന്നു ആ മത്സരം. പക്ഷെ 2016 അസംബ്ളി തിരഞ്ഞെടുപ്പ് എത്തിയപ്പോൾ ഇടതു സ്വതന്ത്രനായി നിലമ്പൂർ മണ്ഡലത്തിൽ അവതരിച്ചതിന്റെ ചരിത്ര പരമായ പശ്ചാത്തലം അത്ര വ്യക്തമല്ല. ആശയപരമാണോ, ആമാശയപരമാണോ കീശാപരമാണോ എന്നൊക്കെ പലരും സംശയിച്ചു. മലബാർ മേഖലയിലെ പ്രമുഖ ക്രഷ് സ്ഥാപനത്തിന്റെ അധിപനെന്ന നിലയ്ക്ക് അൻവറിന് ആമാശയ പൂരണത്തിന് രാഷ്ട്രീയം വേണ്ട. എം.എൽ.എ കുപ്പായമിട്ട് നാടിനെയും നാട്ടാരെയും സേവിച്ചേ അടങ്ങൂ എന്ന് അദ്ദേഹം വാശിപിടിച്ചതെന്തിനാണെന്നതും ഇപ്പോഴും അജ്ഞാതം. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിൽ അനധികൃതമായ തീംപാർക്ക് കെട്ടിപ്പൊക്കിയതോടെയാണ് 2018-ൽ അൻവർ വിവാദങ്ങളുടെ തോഴനായി മാറുന്നത്. അനധികൃത നിർമ്മാണം പൊളിക്കാൻ ജില്ലാ ഭരണകൂടം പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും അൻവർ കുലുങ്ങിയില്ല. 2021 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും നിലമ്പൂർ മണ്ഡലത്തിൽ നിന്ന് അൻവർ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ വലിയ അടുപ്പക്കാരനായി അറിയപ്പെടുന്ന അദ്ദേഹം , നിയമസഭയിൽ കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രിക്ക് വേണ്ടി ശക്തിയുക്തം വാദിച്ചിട്ടുള്ളതും ഏവർക്കുമറിയാം. കഴിഞ്ഞ സമ്മേളന കാലത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വലിയൊരു സാമ്പത്തിക ക്രമക്കേട് അഴിമതി ആരോപണമായി ഉന്നയിച്ചെങ്കിലും അത് വേണ്ടത്ര ക്ളച്ചുപിടിക്കാതെ പോയി. ബംഗളൂരുവിൽ നിന്ന് മീൻവണ്ടിയിൽ 150 കോടി ചാവക്കാട്ട് എത്തിച്ച് സിൽവർലൈൻ പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. പക്ഷെ വേണ്ടത്ര പൊടിപ്പും തൊങ്ങലുമില്ലാതെ അവതരിപ്പിച്ച ആരോപണം ചീറ്റി. അതിന് പിറകെയാണ് പൊടുന്നനെ പുതിയ വെളിപ്പെടുത്തലുമായി അൻവർ എത്തിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയ്ക്കും ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിനുമെതിരെയാണ് അൻവർ വലിയ ആരോപണങ്ങൾ ഉന്നയിച്ചത്. പെട്ടെന്ന് ഇങ്ങനെയൊരു പ്രകോപനത്തിന് കാരണമെന്തെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് പോലും പിടികിട്ടിയില്ല. ഏതായാലും സംസ്ഥാനം ഒന്നടങ്കം ഒന്നു ഞെട്ടി. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമൊക്കെ ഉണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചു.പക്ഷെ മലപോലെ വന്നത് മഞ്ഞുപോലെ എന്ന മട്ടിലായി കാര്യങ്ങൾ. മുഖ്യമന്ത്രിയുമായി അല്ലറ ചില്ലറ കുശലം പറച്ചിൽ കഴിഞ്ഞതോടെ എല്ലാ 'കോംപ്ളിമെന്റായി'.
സുസ്മേരവദനനായി പുറത്തു വന്ന അൻവറിന്റെ പ്രതികരണം ആശ്വാസത്തിന്റേതായിരുന്നോ,അജയ്യതയുടേതായിരുന്നോ അർത്ഥവിരാമത്തിന്റേതായിരുന്നോ എന്നൊന്നും വ്യക്തമല്ല. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചെന്നും ഇനിയെല്ലാം പാർട്ടിയും മുഖ്യമന്ത്രിയും
തീരുമാനിക്കുമെന്നുമായിരുന്നു ആദ്യ പ്രതികരണം.
അൻവറിന്റെ വാക്കുകളിലൂടെ: 'മുഖ്യമന്ത്രിയെ കണ്ട് സംഭവവികാസങ്ങൾ വിശദമായി ശ്രദ്ധയിൽപെടുത്തി. കൃത്യമായി എഴുതിക്കൊടുത്തു. കാര്യങ്ങൾ ശ്രദ്ധയോടെ കേട്ട അദ്ദേഹം ചിലതിൽ വിശദീകരണം ചോദിച്ചു. സത്യസന്ധമായ അന്വേഷണം വിഷയത്തിൽ നടക്കും. ഇപ്പറഞ്ഞ കാര്യങ്ങളും വിശദീകരണവും മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ കോപ്പിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിനെ നേരിൽക്കണ്ട് നൽകുന്നതോടെ ഒരു സഖാവെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം അവസാനിക്കും. ഇക്കാര്യത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കുകയെന്നതാണ് ഇനിയുള്ള തന്റെ ഉത്തരവാദിത്തം.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തണമെന്ന് പറയുന്ന ആളല്ല താൻ. ഇനി ഇക്കാര്യങ്ങൾ എങ്ങനെ പോകണമെന്ന് പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. അതിന് അനുസൃതമായ ഉത്തരവാദിത്വ ബോധത്തോടെ അന്വേഷണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്നാണ് പ്രതീക്ഷ. എ.ഡി.ജി.പി സ്ഥാനത്ത് അജിത് കുമാർ തുടരുമ്പോൾ സത്യം തെളിയുമോയെന്നത് കാത്തിരുന്നു കാണാം.
കേരളത്തിലെ പൊലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം പാർട്ടിക്കും സർക്കാരിനും താഴേത്തട്ടിൽ പ്രതിസന്ധികൾ ഉണ്ടാക്കിയി ട്ടുണ്ട്. പൊലീസ് എടുക്കുന്ന നിലപാടും ഓഫീസറുമാരിൽ നിന്നും ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടും പൊലീസിലുള്ള പുഴുക്കുത്തും അഴിമതിയുമാണ് ചൂണ്ടിക്കാട്ടിയത്. ഇനി നടപടിയെടുക്കേണ്ടത് സർക്കാരാണ്. അവർക്ക് ജനങ്ങളുടെ വികാരമറിയാം. താൻ വലിയ പ്രതീക്ഷയിലാണ്. തന്റെ പിന്നിൽ സർവശക്തനായ ദൈവം മാത്രമാണുള്ളത്.'
രണ്ട് മൂന്ന് ദിവസത്തെ അൻവറിന്റെ തട്ടുതകർപ്പൻ പ്രകടനവും കോട്ടയത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനവും അന്തിചർച്ചകളിലെ രാഷ്ട്രീയവിശാരദന്മാരുടെ അഭിപ്രായപ്രകടനങ്ങളുമെല്ലാം കണ്ടപ്പോൾ കരുതി എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് ഒന്നുമുണ്ടായില്ല.
ജനാധിപത്യ സംവിധാനത്തെ വട്ടംചുറ്റിപ്പിടിച്ച് ഇവിടെയെല്ലാം ഭദ്രം എന്ന് ചിന്തിക്കുന്ന സാധാരണക്കാരൻ അന്തം വിടുന്നത് ഇവിടെയാണ്. ഏറെ തിരക്കുകളുള്ള മുഖ്യമന്ത്രിക്ക് വേണ്ട നിർദ്ദേശങ്ങളും രാഷ്ട്രീയ സഹായങ്ങളും നൽകേണ്ട പൊളിറ്റിക്കൽ സെക്രട്ടറിയെയും ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയെയുമാണ് അൻവർ എടുത്തുടുത്തത്. എ.ഡി.ജി.പി നൊട്ടോറിയസ് ക്രിമിനൽ എന്നാണ് വിശേഷിപ്പിച്ചത്. ദാവൂദ് ഇബ്രാഹിമാണ് എ.ഡി.ജി.പിയുടെ മാതൃകയെന്നും തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലുള്ള ആഭ്യന്തര വകുപ്പിനെയാണ് അൻവർ നിർദ്ദയം ആക്രമിച്ചത്. നിയമസഭാ സാമാജികൻ എന്ന ഉത്തരവാദിത്തത്തോടെയാണ് താൻ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
ഇത്രയുമൊക്കെ കോലാഹലമുണ്ടാക്കിയിട്ടും ഇതെല്ലാം കോപ്പയിലെ കൊടുങ്കാറ്റുപോലെ എങ്ങനെ കെട്ടടങ്ങിയെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഒപ്പം ഇതിന്റെ തുടർച്ചയെന്താവുമെന്ന ആകാക്ഷയും.
ഇതുകൂടി കേൾക്കണേ
നിഗൂഢതകളുടെ പറുദീസ കൂടിയാണ് അധികാര കേന്ദ്രങ്ങൾ. അവിടെ ഇന്നു വാഴുന്നവർ നാളെ വീഴും. ഇന്ന് വീണുകിടക്കുന്നവർ നാളെ വാഴും. കടങ്കഥ പോലെ നല്ല കേൾവിക്കാരാവുകയാണ് പാവം ജനങ്ങൾക്ക് അത്യുത്തമം.