കിളിമാനൂർ: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി മരിച്ച സംഭവത്തെത്തുടർന്ന് പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയതോടെ പ്ലാസ്റ്റിക്കുകൾ അപ്രത്യക്ഷമായെങ്കിലും ഓണമടുത്തതോടെ വീണ്ടും തലപൊക്കിത്തുടങ്ങി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിനെ തുരത്താൻ നടപടികൾ ശക്തമാക്കുമ്പോഴും പല രൂപത്തിലും ഭാവത്തിലും പ്ലാസ്റ്റിക്ക് സഞ്ചികളും പ്ളാസ്റ്റിക്ക് ഉത്പന്നങ്ങളുമിന്ന് വിപണികളിൽ സുലഭമാണ്.

ഓണവിപണി ആരംഭിച്ചതോടെ പ്ലാസ്റ്റിക്ക് വിപണിയും വർദ്ധിച്ചിട്ടുണ്ട്. തുണിത്തരങ്ങളും ചെരുപ്പുകളും പഴങ്ങളും പച്ചക്കറികളുമെല്ലാം പൊതിഞ്ഞു നൽകുന്നത് ഇത്തരം കവറുകളിലാണ്. വരുംദിവസങ്ങളിൽ പ്ളാസ്റ്റിക്കുകളുടെ ഉപയോഗം വീണ്ടും വർദ്ധിക്കാം. മഴക്കാലമായതോടെ ഓടകളിലും റോഡുകളിലും ഇത്തരം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നിറഞ്ഞിട്ടുണ്ട്. കാതുള്ള പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് പകരമായി സാധനം പൊതിഞ്ഞു നൽകാൻ കാതില്ലാത്ത പ്ലാസ്റ്റിക്ക് സഞ്ചികളുമിന്ന് സജീവമാണ്. പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞുവിൽക്കുന്നത് നിരോധിച്ചിരുന്നു. 10,000 രൂപയാണ് പിഴയായി ചുമത്തുന്നത്. കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കുകൾ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ എത്തുന്നത്. പരിശോധനയുള്ളപ്പോൾ പൂഴ്ത്തിവയ്ക്കുകയും അല്ലാത്തപ്പോൾ വിൽക്കുകയും ചെയ്യുന്നതാണ് രീതി.

പരിശോധന ശക്തം

പഞ്ചായത്തുകളിൽ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലും ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തുടർച്ചയായി മൂന്നുതവണ നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയാൽ 50,000 രൂപ പിഴയും കടയുടെ ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ.

നിരോധിച്ചവ

പ്ലാസ്റ്റിക്ക് കൊണ്ടുള്ള ക്യാരിബാഗ്, ഷോപ്പിംഗ് ബാഗ്, ഗ്ലാസ്, പ്ലാസ്റ്റിക്ക് ആവരണമുള്ള പേപ്പർ പ്ലേറ്റ്, സ്ട്രോ, സ്പൂൺ, തെർമോക്കോളോ സ്റ്റിറോഫോമോ ഉപയോഗിച്ച് നിർമ്മിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കൾ, 500 മില്ലിലിറ്ററിൽ താഴെ ശുദ്ധജലം പാക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് പായ്ക്കറ്റ്, പി.വി.സി ഫ്ലക്സ് വസ്തുക്കൾ, പ്ലാസ്റ്റിക്ക് ആവരണമുള്ള തുണിത്തരങ്ങൾ