31

ഉദിയൻകുളങ്ങര: പരശുവയ്ക്കൽ - പാറശാല മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാതയിലുടനീളം അപകടക്കുഴികളും ദിശ തെറ്റിക്കുന്ന ദിശാബോർഡുകളും തുടങ്ങി അനാസ്ഥയുടെ അപകടകരമായ അഴിയാക്കുരുക്കുകളാണ്.

കാൽനട യാത്രക്കാർക്കുള്ള ഫുട്പാത്ത് കഴിഞ്ഞുള്ള പ്രദേശങ്ങളിൽ ഇലക്ട്രിസിറ്റി പോസ്റ്റുകൾ, ടെലിഫോൺ പോസ്റ്റുകൾ എന്നിവ റോഡിൽ സ്ഥിതി ചെയ്യുന്നതിനാൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ എട്ടോളം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.

ഇവിടത്തെ അശാസ്ത്രീയ സിഗ്നലുകൾ കാരണം ജീവൻ നഷ്ടപ്പെട്ടവരും നിരവധിയാണ്.

കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കവേ ഒരു വയോധികൻ അപകടത്തിൽ മരിച്ചിരുന്നു. അപകടങ്ങൾ തുടർന്നിട്ടും കാരണം എന്തെന്ന് പരിശോധിക്കാൻ അധികൃതർ മുന്നോട്ടുവരാത്തത് രാഷ്ട്രീയ ലാഭങ്ങൾ ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.

വേണ്ടത്ര സിഗ്നൽ സംവിധാനവുമില്ല

പാറശാല താലൂക്ക് ആശുപത്രിയിലേക്ക് തിരിയേണ്ട പ്രധാന സ്ഥലത്ത് സിഗ്നലുകൾ സ്ഥാപിച്ചിട്ടുമില്ല. മാസങ്ങൾക്കു മുമ്പിവിടെ ഒരു വയോധികൻ മരണപ്പെട്ടിരുന്നു. പാറശാല ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തി തിരികെ മടങ്ങിയ ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശിയായ വീട്ടമ്മയ്ക്കും പാറശാല ആശുപത്രിയിൽ നിന്നു ദേശീയപാതയിലേക്കുള്ള യാത്രാമദ്ധ്യേ ദാരുണാന്ത്യം സംഭവിച്ചിരുന്നു.

റോഡുകൈയേറി ഫ്ലക്സ് ബോർഡുകൾ

ഇലക്ട്രിക് പോസ്റ്റുകളിലും ടെലിഫോൺ പോസ്റ്റുകളിലും രാഷ്ട്രീയക്കാരും മറ്റ് സാമുദായിക പ്രവർത്തകരും അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനാൽ നിരവധി അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്.

വെളിച്ചമില്ല, രഹസ്യ ക്യാമറയുണ്ട്

രാത്രികാലങ്ങളിൽ വേണ്ടത്ര തെരുവുവിളക്കുകൾ ലഭ്യമല്ലാത്തതും അപകടങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ പാറശാലയിലെ തവളയില്ലാക്കുളത്തിനു സമീപം രഹസ്യമായി സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറ പാറശാലക്കാർക്ക് ആയിരക്കണക്കിന് രൂപ പിഴ നൽകാൻ ഫോട്ടോകൾ അയച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പൊതുജനത്തിന്റെ ജീവൻ രക്ഷിക്കാതെ ശിക്ഷിക്കാൻ മാത്രം രഹസ്യ ക്യാമറ സ്ഥാപിച്ച് ജനത്തെ വലയ്ക്കുകയാണെന്നും ഇവിടുത്തുകാർ ആരോപിക്കുന്നു.

ദേശീയപാതയിലെ അപകടത്തെക്കുറിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മൗനത്തിലാണ്. ക്ലബ്ബുകളും റസിഡന്റ്സ് അസോസിയേഷനുകളും പലവട്ടം പഞ്ചായത്തിനും ബന്ധപ്പെട്ടവർക്കും പരാതി നൽകിയെങ്കിലും നടപടിയായില്ല. ആഴ്ചയിൽ ഒരു മരണമെങ്കിലും ഇവരുടെ വീഴ്ച പ്രകാരം പരശുവയ്ക്കൽ- പാറശാല ദേശീയപാതയ്ക്കിടയിൽ സംഭവിക്കുന്നുണ്ട്. ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ടു നീങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്.