
വിതുര: വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ-മേത്തോട്ടം റോഡിന് ശാപമോക്ഷമായി. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഗ്രാമസഡക്ക് യോജന ഫണ്ടിൽ നിന്നു തുക അനുവദിച്ചു.
ചെട്ടിയാംപാറയിൽ നിന്നും മോത്തോട്ടത്തിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. കാൽനടയാത്രയും വാഹനയാത്രയും അസാദ്ധ്യമായിരുന്നു. അനവധി അപകടങ്ങളും നടന്നിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം.പി.ക്കും എം.എൽ.എക്കും ജില്ലാപഞ്ചായത്തിലും അനവധി പ്രാവശ്യം നിവേദനം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർ വിജയിപ്പിച്ചാൽ ശരിയാക്കിതരാമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും കാര്യം സാധിച്ചാൽ തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വാർത്തയും നിവേദനങ്ങളും
ചെട്ടിയാംപാറ മേത്തോട്ടം റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിവിധ ആദിവാസി സംഘടനകളും, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളും, റസിഡന്റ്സ് അസോസിയേഷനും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഫണ്ട് അനുവദിക്കാൻ നടപടികളായത്.
അനുവദിച്ച തുക---3.50 കോടി രൂപ
നിർമ്മാണോദ്ഘാടനം നടത്തി
ചെട്ടിയാംപാറ മേത്തോട്ടം റോഡിന്റെ നിർമ്മാണോദ്ഘാടനം അടൂർപ്രകാശ് എം.പി നിർവഹിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, വൈസ് പ്രസിഡന്റ് ബി.സുശീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ തോട്ടുമുക്ക് അൻസർ, ലിജുകുമാർ, അനുതോമസ്, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ, ചെട്ടിയാംപാറ വാർഡ്മെമ്പർ ബി.പ്രതാപൻ, തുരുത്തി വാർഡ് മെമ്പർ എൻ.എസ്.ഹാഷിം, പുളിമൂട് വാർഡ്മെമ്പർ ജെ.അശോകൻ, തച്ചൻകോട് വാർഡ് മെമ്പർ തച്ചൻകോട് വേണുഗോപാൽ, മലയടി വാർഡ്മെമ്പർ എസ്.ബിനിതാമോൾ,മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.എസ്.പ്രേംകുമാർ, മലയടിപുഷ്പാംഗദൻ,കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് പി.എസ്.അനിൽകുമാർ, കെ.ജി.ഉദയൻ, ഊരുമൂപ്പൻമാരായ രാമചന്ദ്രൻകാണി, മോഹനൻ, ഭാർഗവൻ,സുരേന്ദ്രൻ, മനോഹരൻ എന്നിവർ പങ്കെടുത്തു.