hj

കിളിമാനൂർ: വയോധികയെ വീട്ടിൽക്കയറി കൈയേറ്റം ചെയ്ത സംഭവത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീജ ഉണ്ണിക്കൃഷ്ണൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ജനറൽക്കമ്മിറ്റി യോഗം മാറ്റിവച്ചു. ഓഗസ്റ്റ് 11ന് സി.പി.എം ഏരിയാ കമ്മിറ്റി അംഗവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അന്തരിച്ച സത്യവ്രതന്റെ കിളിമാനൂർ കുന്നുമ്മേലിലെ വീട്ടിൽ ഡി.ശ്രീജ ഉണ്ണിക്കൃഷ്ണൻ അതിക്രമിച്ച് കയറി സത്യവ്രതന്റെ ഭാര്യയെ കൈയേറ്റം ചെയ്യുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു പ്രതിഷേധം. അക്രമത്തിനിരയായ രാധ കിളിമാനൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരികയാണ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനു പുറമെ സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റുമാണ് ശ്രീജ. കോൺഗ്രസ് അംഗങ്ങളായ ജെ.സജികുമാർ,എ.നിഹാസ്, ടി.എസ്.ശോഭകുമാരി,എ.ജെ.ജിഹാദ്,എസ്.ആർ.അഫ്സൽ,ബാൻഷാ ബഷീർ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.