ആറ്റിങ്ങൽ: നഗരസഭയിൽ എൻജിനിയർമാരുടെ കുറവു കാരണം നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിൽ. നിലവിൽ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നീ രണ്ടു തസ്തികകളാണ് കഴിഞ്ഞ മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുന്നത്. എൻജിനിയർമാരില്ലാത്തത് ആറ്റിങ്ങൽ മേഖലയിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. എൻജിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് അപേക്ഷകൾ തീർപ്പാകാതെ നഗരസഭയിൽ കെട്ടിക്കിടക്കുന്നതായാണ് സൂചന. കെട്ടിട നിർമ്മാണാനുമതി തേടിക്കൊണ്ടുള്ള അപേക്ഷകളും പൂർത്തിയായ കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷകളും ഇനിയും തീർപ്പാകാതെ കിടക്കുന്നു. പണിപൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് നഗരസഭയുടെ അംഗീകാരം ലഭിച്ചാലേ ഉടമകളിൽ നിന്ന് അവസാന ഗഡു കരാറുകാരന് ലഭിക്കൂ. ഓണക്കാലമായതിനാൽ തൊഴിലാളികൾക്ക് കൂലിയും ബോണസുമെല്ലാം എങ്ങനെ നൽകുമെന്നറിയാതെ വിഷമിക്കുകയാണിപ്പോൾ കരാറുകാർ. നഗരസഭയിലെ മരാമത്ത് പണികളും പ്രതിസന്ധിയിലാണ്. ആവശ്യത്തിന് ഫണ്ടില്ലാത്തതും നഗരസഭയുടെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. എന്നാൽ എൻജിനിയർമാരുടെ ഒഴിവ് നികത്തണമെന്ന് നിരവധി തവണ നഗരസഭാധികൃതർ ആവശ്യപ്പെട്ടിട്ടും ഇനിയും നടപടി ഉണ്ടായിട്ടില്ല.

ചുമതലകൾ നിർവഹിക്കുന്നത്

അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറുടെ ചുമതല നിലവിലിപ്പോൾ വർക്കല ബ്ലോക്ക് പഞ്ചായത്ത് എ.എക്സ്.ഇക്കാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തനങ്ങളുടെ ചുമതലകളും എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളുടെ ചുമതലയുമുള്ളയാൾക്കാണ് നഗരസഭയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. അസിസ്റ്റന്റ് എൻജിനിയറുടെ ചുമതല നഗരസഭയിലെ ഒന്നാം ഗ്രേഡ് ഓവർസിയർക്കാണ് കൈമാറിയത്. ഫയലുകളിൽ അന്തിമ തീരുമാനമെടുക്കാൻ ഇദ്ദേഹത്തിനു കഴിയില്ല. പരിശോധിച്ച് മേൽനടപടികൾക്ക് സമർപ്പിക്കാനേ സാധിക്കൂ. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറാണ് തിരുമാനമെടുക്കേണ്ടത്. ഈ ഓവർസിയർക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടും ആറ്റിങ്ങൽ നഗരസഭയിൽ നിന്ന് സ്ഥലം മാറിപ്പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

അനുമതിയില്ല

പുതിയ കെട്ടിടനിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിനാൽ പണികൾ തുടങ്ങാനും നിലവിൽ കഴിയുന്നില്ല. നിർമ്മാണ മേഖലയിൽ കൃത്യമായ ജോലിയും കൂലിയുമില്ലാത്തതിനാൽ തൊഴിലാളികൾക്ക് മറ്റു തൊഴിലുകളന്വേഷിച്ചു പോകേണ്ട അവസ്ഥയാണ്.

സർവീസിൽ ഉണ്ടായിരുന്നവർ സർവീസിൽ നിന്നു വിരമിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു