തിരുവനന്തപുരം: കുപ്പി കഴുത്തായ ശ്രീകാര്യം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന ഫ്ലൈഓവർ യാഥാർത്ഥ്യമാകാൻ വഴിതെളിഞ്ഞു.71.38 കോടി രൂപയുടെ ടെൻഡർ നടപടികൾക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി.ഇതോടെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകും.

ഫ്ലൈഓവർ പൂർത്തിയാകുന്നതോടെ കഴക്കൂട്ടത്ത് നിന്നും എം.സി റോഡിൽ നിന്നും മെഡിക്കൽ കോളേജിലേക്കും നഗരത്തിലേക്കും വേഗത്തിൽ എത്തിച്ചേരാം.ശ്രീകാര്യം മുസ്ലിം പള്ളിക്ക് സമീപം മുതൽ കല്ലമ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് വരെയാണ് ഫ്ലൈഓവർ നിർമ്മിക്കുക.

യാത്രക്കാർക്ക് തടസമുണ്ടാകാത്ത രീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുകൾ നിർമ്മിച്ചശേഷമാകും ഫ്ലൈഓവറിന്റെ നിർമ്മാണം.സർവീസ് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്.

നാലുവരി ഫ്ലൈഓവർ
വീതി - ഇരുവശത്തും 7.5 മീറ്റർ വീതം ആകെ 15 മീറ്റർ

ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകളും

നീളം - 535 മീറ്റർ

പദ്ധതിയുടെ ചെലവ് - 135.37 കോടി

(സ്ഥലമേറ്റെടുക്കലിനുള്ള തുക ഉൾപ്പെടെ)

ഇപ്പോൾ അനുവദിച്ചത് 71.38 കോടി

ഏറ്റെടുത്തത്

ഫ്ലൈഓവർ നിർമ്മാണത്തിനായി ചെറുവയ്ക്കൽ,ഉള്ളൂർ,പാങ്ങപ്പാറ വില്ലേജുകളിലായി 168 സ്വകാര്യ വ്യക്തികളുടെ 1.34 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.ഭൂമിയേറ്റെടുക്കൽ ചട്ടപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ മൂല്യം,സ്വമേധയാ ഭൂമി വിട്ടുനൽകിയവർക്ക് സെന്റിന് 21 ലക്ഷം രൂപയും മറ്റുള്ളവർക്ക് സെന്റിന് 18 ലക്ഷം രൂപയുമാണ്.ഇത് വിതരണം ചെയ്തു കഴിഞ്ഞു.

ഭാവിയും കണ്ട്

ഭാവിയിൽ ശ്രീകാര്യത്ത് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് ഫ്ലൈഓവർ രൂപകല്പന ചെയ്തിരിക്കുന്നത്.

ഗതാഗതക്കുരുക്കിന് പരിഹാരം

പദ്ധതി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം നഗരത്തെ കഴക്കൂട്ടവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ ശ്രീകാര്യം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

വേഗത്തിൽ ആരംഭിക്കും:

മന്ത്രി പി.എ.മുഹമ്മദ് റിയാസ്

ശ്രീകാര്യം ഫ്ലൈഓവർ ടെൻഡറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ നഗരത്തിലേക്ക് തടസമില്ലാത്ത യാത്രയ്ക്കുള്ള സാഹചര്യമൊരുങ്ങുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്.സ്ഥലമേറ്റെടുക്കൽ നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വേഗത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും.പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ പാക്കേജിന്റെ ഭാഗമായി ഉള്ളൂർ,പട്ടം എന്നിവിടങ്ങളിലും മേൽപ്പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാകുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടരുകയാണ്.