
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എം.എം. ഹസൻ, കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.
തൃശൂർ പൂരം: അന്വേഷണം വേണമെന്ന് ബിനോയ്
തൃശൂർ പൂരം അട്ടിമറിച്ചതിൽ ഗൂഢനീക്കം നടന്നെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. വീണ്ടും ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ആർ.എസ്.എസുമായി സി.പി.എം ചർച്ച നടത്തിയെന്ന് വിശ്വസിക്കുന്നില്ല. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവരുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമേറിയതാണ്. ഇക്കാര്യത്തിൽ ഇടതുപക്ഷ നയത്തിന് അനുസൃതമായ നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് ഹർജി
എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച വെളിപ്പെടുത്തലുകളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. പൊലീസ് മേധാവി ശരിയായ അന്വേഷണമല്ല നടത്തുന്നതെന്ന് തൃശൂർ സ്വദേശി ജോർജ് വട്ടുകുളത്തിന്റെ ഹർജിയിൽ പറയുന്നു.