തിരുവനന്തപുരം: നഗരത്തെ വലച്ച കുടിവെള്ള മുടക്കത്തിന് പരിഹാരമുണ്ടാക്കാനാകാതെ വാട്ടർ അതോറിട്ടി. പ്രശ്നത്തിന് താത്കാലികമായെങ്കിലും പരിഹാരമുണ്ടാക്കണമെങ്കിൽ മൂന്ന് - നാല് ദിവസം കൂടി കാത്തിരിക്കണമെന്നാണ് അധികൃതർ പറയുന്നത്.സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം,പൈപ്പ് പൊട്ടൽ,അറ്റകുറ്റപ്പണികൾ എന്നിവ കൂടാതെ തിരുവനന്തപുരം - നാഗർകോവിൽ റെയിൽവേപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്രുന്ന പണി കൂടി എത്തിയതോടെയാണിത്.ഈ പണികൾ തീരാൻ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണ്ടിവരും.

ഇതുകൂടാതെ, വെള്ളയമ്പലത്തും ആൽത്തറ ക്ഷേത്രത്തിന് മുമ്പിലുമുള്ള 350 എം.എം ജി.ഡി പൈപ്പ് ലൈനിലും വഞ്ചിയൂർ മാതൃഭൂമി റോഡിലെ സ്വീവേജ് പൈപ്പ് ലൈൻ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പ്രവർത്തനവും തുടരുകയാണ്.

വെള്ളയമ്പലം,ആൽത്തറ ജംഗ്ഷനിലുള്ള പ്രധാന പൈപ്പ് ലൈൻ പണി,ഇന്റർകണക്ഷൻ,ഡെക്റ്റ് ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കാൻ ദിവസങ്ങളോളം വേണ്ടിവരുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

കുടിവെള്ള വിതരണത്തെ ബാധിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മിക്കയിടത്തും വെള്ളം കിട്ടുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.ഉദാരശിരോമണി റോ‌ഡിലും ശിശുവിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ പൊക്കമുള്ള ഭാഗങ്ങളിലും വല്ലപ്പോഴുമാണ് വെള്ളം കിട്ടുന്നത്.

ഫോറസ്റ്റ് ഓഫീസ് ലൈനിലെ ചില ഭാഗങ്ങളിൽ പൈപ്പിൽ ബ്ലോക്കുണ്ടായതുമൂലം പലപ്പോഴും വിതരണം നടക്കുന്നില്ല.

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അട്ടക്കുളങ്ങര ജംഗ്ഷനിൽ പൈപ്പ് ലൈൻ ഇന്റർകണക്ഷൻ നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് ദിവസമായി നിറുത്തിവച്ചിരുന്ന ജലവിതരണം ഇന്നലെ ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. വെള്ളം തുറന്നുവിട്ടെങ്കിലും ഉയ‌ർന്ന ഭാഗങ്ങളിലടക്കം ശരിയായ മ‌ർദ്ദത്തോടെ ലഭിക്കാൻ കാലതാമസമെടുക്കുമെന്ന് അധികൃതർ പറഞ്ഞു. അമ്പലമുക്കിലെ പൈപ്പ് പൊട്ടൽ,അരുവിക്കര ജലശുദ്ധീകരണശാലയിലെ വൈദ്യുതി തകരാർ,വെള്ളയമ്പലം ശുദ്ധജല സംഭരണികളിലെ ശുചീകരണം എന്നീ പ്രവർത്തനങ്ങളെ തുടർന്ന് അടുത്തിടെ മൂന്നിലേറെ തവണ നഗരത്തിലെ മിക്കയിടത്തും കുടിവെള്ള വിതരണം നിറുത്തിവച്ചിരുന്നു.

ഇന്നും നാളെയും വീണ്ടും മുടങ്ങും

തിരുവനന്തപുരം - നാഗർകോവിൽ റെയിൽവെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം,ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തനങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8 മുതൽ നാളെ രാവിലെ 8 വരെ നഗരത്തിലെ മിക്ക ഭാഗത്തേക്കുമുള്ള കുടിവെള്ള വിതരണം നിറുത്തിവയ്ക്കും. പുത്തൻപള്ളി,ആറ്റുകാൽ,വലിയതുറ,പൂന്തുറ,ബീമാപള്ളി,ബീമാപള്ളി ഈസ്റ്റ്,മാണിക്യവിളകം,മുട്ടത്തറ,പുഞ്ചക്കരി,പൂജപ്പുര,കരമന,ആറന്നൂർ,മുടവൻമുകൾ,നെടുംകാട്,കാലടി,പാപ്പനകോട്,മേലാംകോട്,വെള്ളായണി,എസ്റ്റേറ്റ്,നേമം,പ്രസാദ് നഗർ,തൃക്കണ്ണാപുരം,പുന്നയ്ക്കാമുകൾ,തിരുമല,വലിയവിള,പി.ടി.പി, കൊടുങ്ങാനൂർ,കാച്ചാണി,നെട്ടയം,വട്ടിയൂർക്കാവ്,കാഞ്ഞിരംപാറ,പാങ്ങോട്,തുരുത്തുമൂല എന്നീ വാർഡുകളിൽ പൂർണമായും ശ്രീവരാഹം,അമ്പലത്തറ,മണക്കാട്,കുര്യാത്തി,വള്ളക്കടവ്, കമലേശ്വരം,തിരുവല്ലം,പൂങ്കുളം,പാളയം,വഞ്ചിയൂർ, കുന്നുകുഴി,പട്ടം എന്നീ വാർഡുകളിൽ ഭാഗികമായും ജലവിതരണം നിറുത്തിവയ്ക്കും.