
വിതുര: വിതുര പഞ്ചായത്തിലെ മരുതാമല വാർഡിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നതായി പരാതി. മരുതാമല, അടിപറമ്പ്, ജഴ്സിഫാം, മക്കി, ചാത്തൻകോട്, ചെമ്മാംകാല പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യമേറുന്നത്. കഴിഞ്ഞദിവസം മരുതാമല ഇ.എസ്. മോഹനന്റെ വിളയിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം കുലച്ചുനിന്ന 300ൽപ്പരം ഏത്തവാഴകൾ നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമിട്ട് പാട്ടത്തിനെടുത്ത ഭൂമിയിൽ ബാങ്കിൽ നിന്നും ലോണെടുത്ത 5000രൂപ മുടക്കിയാണ് വാഴക്കൃഷി നടത്തിയിരുന്നത്. സമീപത്തെ വിളകളിലെ പച്ചക്കറിക്കൃഷികളും കാട്ടുപന്നികൾ നശിപ്പിച്ചു. പ്രദേശത്ത് കാട്ടുമൃഗശല്യം രൂക്ഷമായിട്ട് കാലങ്ങളേറെയായി. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ സന്ധ്യമയങ്ങുന്നതോടെ കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നു. ആദിവാസി മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. ഇതുസംബന്ധിച്ച് അനവധി തവണ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. കാട്ടുപന്നിക്ക് പുറമെ പുലിയും കരടിയും കാട്ടുപോത്തും മരുതാമലമേഖലയിൽ ഭീതിപരത്തുന്നുണ്ട്. നേരത്തെ വിതുര ഐസർകാമ്പസിനോട് ചേർന്നുള്ള ജഴ്സിഫാമിൽ പുലിയിറങ്ങി ഭീതിപരത്തിയിരുന്നു. കൂടാതെ കാട്ടാനകൾ പുൽക്കൃഷി നശിപ്പിക്കുകയും ചെയ്തു. അടുത്തിടെ കരടി ഒരാളെ ആക്രമിച്ച സംഭവവുമുണ്ടായി.
കാട്ടാനശല്യവും
മരുതാമല ബോണക്കാട് റൂട്ടിൽ കാട്ടാനശല്യവും രൂക്ഷമാണ്. അടുത്തിടെ ബോണക്കാട് നിന്നും ജോലികഴിഞ്ഞ് വിതുരയിലേക്ക് വരികയായിരുന്ന രണ്ട് യുവാക്കളെ കാട്ടാനകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വിതുരയിൽ നിന്നും ബോണക്കാട്ടേക്ക് പുറപ്പെട്ട ദമ്പതികളേയും ജഴ്സിഫാം കാണിത്തടം ചെക്ക്പോസ്റ്റിന് അടുത്ത് കാട്ടാന ആക്രമിക്കാൻ ശ്രമിക്കുകയും ഇവർ സഞ്ചരിച്ച ബൈക്ക് തകർക്കുകയും ചെയ്തു. മേഖലയിൽ പകൽസമയത്തുപോലും കാട്ടാനകൾ ഭീതിപരത്തി വിഹരിക്കുകയാണ്.