k

തിരുവനന്തപുരം: അഞ്ചു വർഷങ്ങൾക്കുമുമ്പ് മലപ്പുറത്ത് 'പ്രിസം അക്കാഡമി" എന്ന ചെറിയൊരു ട്യൂഷൻ ക്ലാസായി തുടക്കം. കൊവിഡ് വില്ലനായപ്പോൾ ഓൺലൈൻ ക്ലാസുകളൊരുക്കി. കഴിഞ്ഞ ജനുവരിയിൽ സ്റ്റാർട്ടപ്പായി വികസിപ്പിച്ചു. ഇപ്പോഴിതാ, ലോകത്തിൽ ഏറ്റവും മൂല്യമുള്ള സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ എൻവീഡിയയുടെ സ്റ്റാർട്ടപ്പ് പദ്ധതിയിലേക്ക് അത് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലപ്പുറം അരീക്കോട് സ്വദേശി അമീർ ഷാജിയുടെ സ്റ്റാർട്ടപ്പായ 'സ്കൂൾഗുരു"വിനാണ് ഈ നേട്ടം.

കെ.ജി മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ നൽകുന്നത്. വിദ്യാർത്ഥികളുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വ്യക്തിഗതമായാണ് ക്ലാസുകൾ. നിലവിൽ 500ലേറെ വിദ്യാർത്ഥികളുണ്ട്. വിദേശികൾ ഉൾപ്പെടെ ആയിരത്തിലേറെ അദ്ധ്യാപകരും. ഇതുവരെ 10000ലധികം കുട്ടികൾക്ക് ക്ളാസുകൾ നൽകി. മണിക്കൂറിന് 250 രൂപ മുതലാണ് ഫീസ്.

ബികോമിനുശേഷം എം.ബി.എയും എം.എ സോഷ്യോളജിയും പൂർത്തിയാക്കിയാണ് അമീർ 'സ്കൂൾഗുരു"ആരംഭിച്ചത്. സഹോദരൻ അസറുദ്ദീനും സുഹൃത്തുക്കളായ ജെറിനും ഫഹീമും സ്റ്റാർട്ടപ്പിന്റെ ഭാഗമാണ്. അബ്ബാസ്, അനീസ ദമ്പതികളുടെ മകനാണ്.

സാങ്കേതിക സഹായം സൗജന്യം

എൻവീഡിയയുടെ സ്റ്റാർട്ടപ്പ് പദ്ധതിയിൽ നിന്ന് സാങ്കേതിക സഹായങ്ങൾ സൗജന്യമായി 'സ്കൂൾഗുരു"വിന് ലഭിക്കും

പ്രോഡക്ടുകൾ വികസിപ്പിക്കാനുള്ള സോഫ്റ്റ്‌വെയറുകൾ നൽകും

ലോകോത്തര സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കും

വർക്ക്ഷോപ്പുകൾ, ഫണ്ടിംഗ് ലഭിക്കാനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തും

അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് എൻവീഡിയ

മികച്ച സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ് അംഗത്വം നൽകുന്നത്

ഇന്ത്യകടന്നും പെരുമ

ഇന്ത്യയ്ക്കു പുറമെ, യു.എ.ഇ, ഒമാൻ, കാനഡ, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളും 'സ്കൂൾഗുരു" സേവനം പ്രയോജനപ്പെടുത്തുന്നു

''വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയ്ക്ക് സ്കൂൾഗുരു വിട്ടുവീഴ്ച ചെയ്യില്ല

-അമീർ ഷാജി