
വിതുര: പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വിതുര കളിയിക്കൽ കാപ്പിത്തോട്ടം വനമേഖലയിൽ കാലിൽ മുറിവേറ്റനിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിയുതിർത്ത് പിടികൂടി ചികിത്സ നൽകാനുള്ള വനംവകുപ്പിന്റെ ശ്രമം വീണ്ടും വിഫലമായി.
മുറിവേറ്റ പിടിയാന ഒരാഴ്ചയായി ജനവാസമേഖലയിൽ ചുറ്റിത്തിരിയുകയാണ്. ആദിവാസികളാണ് കാലിൽ മുറിവേറ്റ നിലയിൽ ആന ചിന്നം വിളിച്ചുകൊണ്ട് നടക്കുന്നെന്ന് വനപാലകരെ അറിയിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ വനപാലകർ ആനയെ കണ്ടെത്തി. കാലിൽ മുള്ളുവേലി ചുറ്റിയാണ് പരിക്കേറ്റതെന്ന് പറയുന്നു. ആനയെ കെണിയിൽപ്പെടുത്തിയതെന്നും പരാതിയുണ്ട്.
കാലിൽ നല്ല രീതിയിൽ മുറിവുണ്ട്. മുറിവ് പഴുത്തതിനെ തുടർന്നുണ്ടായ കടുത്ത വേദനമൂലമാണ് ആന ഒരുസ്ഥലത്തുനിൽക്കാതെ ചുറ്റിത്തിരിയുന്നത്. ആന പരുത്തിപ്പള്ളിയുടെയും പേപ്പാറ റേഞ്ചിന്റെയും പരിധിയിൽ മാറിനിൽക്കുകയാണ്.
ആനയുടെ ഒപ്പം മറ്റൊരു പിടിയാനയും
പരിക്കേറ്റ ആനയുടെ ഒപ്പം മറ്റൊരു പിടിയാനകൂടി എത്തിയിട്ടുണ്ട്. ഇതുകൊണ്ടാണ് പരിക്കേറ്റ ആനയെ മയക്കുവെടിവയ്ക്കാൻ കഴിയാത്തത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ ആനയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ മയക്കുവെടിയുതിർത്ത് പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടെയുള്ള ആനയെ അനവധി തവണ തുരത്തി കാട്ടിലേക്ക് ഓടിച്ചെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു.
ഒപ്പമുള്ള ആനയെ തുരത്തിവിട്ടശേഷം മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകി കാട്ടിലേക്ക് വിടാനാണ് തീരുമാനം. ഇന്നലെ വൈകിട്ടുവരെ പരിശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നും ശ്രമം തുടരുമെന്ന് വനപാലകർ അറിയിച്ചു.