1

പോത്തൻകോട് : ഓണത്തോടനുബന്ധിച്ച് തീരദേശമേഖലയായ കഠിനംകുളത്തെ പൂക്കൃഷി വിളവെടുപ്പ് നടത്തി. കഠിനംകുളം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന ഓണക്കാല പുഷ്പക്കൃഷി വ്യാപന പദ്ധതിയായ പൂവനിയുടെ ഭാഗമായി വ്യാപിപ്പിച്ച പുഷ്പക്കൃഷി പഞ്ചായത്ത് പ്രസിഡന്റ് അജിത അനിയുടെ നേതൃത്വത്തിലാണ് വിളവെടുത്തത്. വൈസ് പ്രസിഡന്റ് ഷീല ഗ്രിഗോറി, അംഗങ്ങളായ റെക്സിലിൻ മേരി, മോഹനൻ, കബീർ, ലെനിൻ ലാൽ, സുലജ, നസീമ, കബീർ, കൃഷി ഓഫീസർ എ.ഷാജിദ്, അസിസ്റ്റന്റുമാരായ അജി, ഷിനു തുടങ്ങിയവർ പങ്കെടുത്തു. ആഫ്രിക്കൻ, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരത്തിലുള്ളതും സങ്കരയിനങ്ങളായ റെഡ്, ഗോൾഡ്, ഷോബോട്ട്, റെഡ് സെവൻ സ്റ്റാർ തുടങ്ങിയ ഇനങ്ങളും വാണിജ്യാടിസ്ഥാനത്തിൽ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്ത് പരിധിയിൽ സുനിത എന്ന കർഷകയുടെ പൂക്കൃഷി വിളവെടുപ്പാണ് ആദ്യം നടന്നത്. ഓണക്കാലത്ത് അത്തച്ചമയം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കുന്നതിനായി തദ്ദേശീയരും ഇവിടെയെത്താറുണ്ടെന്ന് പൂക്കർഷകർ പറയുന്നു. കഠിനംകുളത്തെ ഉപ്പുകലർന്ന മണ്ണിൽ സമൃദ്ധമായി വളർന്ന ജമന്തിച്ചെടികൾ പൂവിട്ടതോടെ തീരദേശ മേഖലയിലും പുഷ്പക്കൃഷിക്ക് സാദ്ധ്യതയേറിയിട്ടുണ്ട്.