കിളിമാനൂർ: ഓണമായതോടെ മില്ലുകൾ സജീവമായി. മുളക്, മല്ലി മഞ്ഞൾ, ഗോതമ്പ്, പച്ചരി, അരി, കൊപ്ര തുടങ്ങിയവയുമായി ആളുകൾ മില്ലുകളിലേക്ക് എത്തിത്തുടങ്ങി. ഓണക്കാലത്ത് മാത്രമാണിപ്പോൾ ആളുകൾ കൂടുതലും മില്ലുകളെ ആശ്രയിക്കുന്നത്. വിവിധ കമ്പനികളുടെ പൊടികൾ കടകളിൽ സുലഭമായതോടെയും ആളുകളുടെ ജീവിത തിരക്കുകളുമാണ് മില്ലുകളുടെ സാദ്ധ്യത കുറച്ചത്. പല മില്ലുടമകളും മില്ലുകൾ പൂട്ടി. മുൻ കാലങ്ങളിൽ പൊടിച്ചു മാത്രമേ കൊടുക്കുമായിരുന്നുള്ളൂ. എങ്കിലിപ്പോൾ വറുത്തും നൽകുന്നുണ്ട്. അത് ജനങ്ങൾക്ക് കൂടുതൽ ഉപകാരമാണ്. ഓണത്തിന്റെ പ്രധാന വിഭവങ്ങളിൽ ഒന്നായ ചീനി മാവും മില്ലുകളിൽ തന്നെ തയ്യാറാക്കുന്നുണ്ട്. കൃത്രിമം ഒന്നുമില്ലാതെ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളും ലഭിക്കുമെന്നതിനാൽ ഒരു വിഭാഗം ആളുകൾ ഇപ്പോഴും മില്ലുകളെ തന്നെയാണ് ആശ്രയിക്കുന്നത്.