
തിരുവനന്തപുരം : മന്ത്രിമാറ്റം സംബന്ധിച്ച ചർച്ചകൾ എൻ.സി.പിയിൽ സജീവമെങ്കിലും മന്ത്രി എ.കെ ശശീന്ദ്രൻ മാറുന്ന കാര്യത്തിൽ സമവായമായിട്ടില്ല. കഴിഞ്ഞ ദിവസം പാർട്ടിയിലെ നാലംഗ സമിതി മന്ത്രിയുമായി ഇക്കാര്യം ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായില്ല.
പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ടരവർഷക്കാലം വീതം രണ്ട് എം.എൽ.എമാർക്കും നൽകണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യമാണ് എൻ.സി.പി നേതൃത്വം നിയോഗിച്ച സമിതി ശശീന്ദ്രന് കൈമാറിയത്. എന്നാൽ അത്തരമൊരു ധാരണ തന്റെ അറിവിലില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സമിതി വീണ്ടും അദ്ദേഹവുമായി ചർച്ച ചെയ്യും.
മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ എം.എൽ.എ സ്ഥാനത്തിരിക്കെ പാർട്ടി അദ്ധ്യക്ഷ പദവി നൽകാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം. അങ്ങനെയെങ്കിൽ താൻ മന്ത്രി സ്ഥാനത്തിനൊപ്പം നിയമസഭാംഗത്വവും ഒഴിയാമെന്നും സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും ശശീന്ദ്രൻ വ്യക്തമാക്കുന്നു.മന്ത്രിയെ മാറ്റാനുള്ള ആലോചനകൾ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ പങ്ക് വച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന് മുന്നിലേക്ക് വിഷയമെത്തിച്ച് ഒരു ഫോർമുല തയ്യാറാക്കാനാണ് സംസ്ഥാന നേതൃത്വവും ശശീന്ദ്രനും ആഗ്രഹിക്കുന്നത്.
കാലാവധി കഴിഞ്ഞു;
ഗവർണർ തുടരും
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചു വർഷ കാലാവധി ഇന്നലെ പൂർത്തിയായെങ്കിലും പദവിയിൽ തുടരും. പാങ്ങോട് കരസേനാ സ്റ്റേഷനിൽ പ്രതിരോധ പെൻഷൻകാർക്കായുള്ള ഔട്ട് റീച്ച് പ്രോഗ്രാമിൽ ഗവർണർ ഇന്ന് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. അടുത്തമാസം 12വരെ അതിഥികൾക്ക് സന്ദർശനത്തിന് സമയം നൽകിയിട്ടുണ്ട്. ഡൽഹിയിലേക്കടക്കം യാത്രകളുമുണ്ട്. അഞ്ചുവർഷ കാലയളവിലേക്കോ, രാഷ്ട്രപതിയുടെ പ്രീതിയുള്ളടത്തോളമോ ഗവർണർക്ക് തുടരാനാവും . അതിനാൽ പുതിയ ഗവർണറെ നിയമിച്ച് ഉത്തരവുണ്ടാവും വരെ തുടരാം. കേരളത്തിന്റെ 22-ാം ഗവർണറായി 2019 സെപ്തംബർ ആറിനാണ് ചുമതലയേറ്റത്. ഒപ്പം നിയമിതരായ അഞ്ച് ഗവർണർമാരിൽ ആരിഫ് മുഹമ്മദ്ഖാൻ മാത്രമാണ് തുടരുന്നത്.
ധനസെക്രട്ടറി എ.ജയതിലകിന് കൂടുതൽ അധികാരങ്ങൾ
തിരുവനന്തപുരം:ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്
ടാക്സസ്,സ്റ്റോർ പർച്ചേസ്,പ്ളാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് എന്നിവയുടെ അധിക ചുമതലയും റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പൂർണ്ണ ചുമതലയും നൽകി സർക്കാർ ഉത്തരവിറക്കി.
ധനവകുപ്പിൽ ടാക്സസ് സെക്രട്ടറിയായിരുന്ന ജയതിലക്, ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ കേന്ദ്രഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായത്.
കെ.പി.സി.സി
ഭാരവാഹി
യോഗം ഇന്ന്
തിരുവനന്തപുരം : സംഘടനാ കാര്യങ്ങൾ സംബന്ധിച്ച വിലയിരുത്തലിന് ഇന്ന് കെ.പി.സി.സി ഭാരവാഹികൾ യോഗം ചേരും. എം.ലിജു സംഘടനാ ചുമതലയേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ യോഗത്തിൽ ഇടത് സർക്കാരിനെതിരായ തുടർ സമരങ്ങൾ സംബന്ധിച്ച ചർച്ചകളും നടക്കും. വയനാട് ക്യാമ്പിൽ തീരുമാനമെടുത്ത മിഷൻ 2025 സംബന്ധിച്ച് ജില്ലാതലത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളുടെ പുരോഗതി, ബൂത്ത് -മണ്ഡലം തലത്തിലുള്ള പുന:സംഘടന പ്രക്രിയ, രാഹുൽ ഗാന്ധി പ്രഖ്യാപിച്ച നൂറു വീടുകൾ സംബന്ധിച്ച് നടക്കുന്ന ധനസമാഹരണം എന്നിവ എവിടെയെത്തിയെന്ന പരിശോധന നടക്കും.
. സർക്കാരിലെയും സി.പി.എമ്മിലെയും ഉന്നതർക്കെതിരായ ഭരണകക്ഷി എം.എൽ.എ പി.വി അൻവറിന്റെ ആരോപണത്തിൽ കോൺഗ്രസിന്റെ തുടർസമരങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിലും ആലോചനകൾ നടക്കും.