bonakad

തിരുവനന്തപുരം: ഷീറ്റിട്ട് മറച്ച ഷെഡുകളിലും ചോർന്നൊലിക്കുന്ന ലയങ്ങളിലും കഴിയുന്ന ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഒാണപ്രതീക്ഷ നൽകി ലയങ്ങളുടെ നവീകരണത്തിന് സർക്കാർ അനുമതിയായി.ഇന്നലെ നാലുകോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.നേരത്തെ അനുവദിച്ച 2.17കോടിക്ക് പുറമെയാണിത്.ലയങ്ങൾ പുനർനിർമ്മിക്കണമെന്നാണ് ആവശ്യമെങ്കിലും നിയമസാങ്കേതിക പ്രശ്നങ്ങൾ പരിഗണിച്ചാണ് നവീകരണത്തിന് മാത്രം അനുമതി നൽകിയത്.കഴിഞ്ഞ വർഷം ജൂലായിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും മന്ത്രി വി.ശിവൻകുട്ടിയും ലയങ്ങൾ സന്ദർശിച്ചിരുന്നു.തുടർന്നാണ് പ്രൊപ്പോസൽ ക്ഷണിച്ച് പദ്ധതി അംഗീകരിച്ചത്.ബോണക്കാട്ടെ ലയങ്ങളുടെ പുനരുദ്ധാരണത്തിനായി പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റിക്ക് അനുവദിച്ചതും ചെലവഴിക്കാത്തതുമായ തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്.ബാക്കി തുക ഈ നിക്ഷേപത്തിൽനിന്ന് വിനിയോഗിക്കാനും അനുമതി നൽകി.
ടൗണിൽ നിന്ന് ലയങ്ങളിലേക്കുള്ള ദൂരവും ലയങ്ങളുടെ തകർച്ചയുടെ വ്യാപ്തിയും പരിഗണിച്ചാൽ അനുവദിച്ച തുക പര്യാപ്തമല്ലെന്ന് പരാതിയുണ്ട്.എന്നാലും ഏറെ പ്രതീക്ഷയിലാണ് തൊഴിലാളികൾ.

പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ

ചുമതല - ജില്ലാ നിർമ്മിതി കേന്ദ്രത്തിന്

എസ്റ്റേറ്റ് പ്രവർത്തനം നിലച്ചത് - 2015ൽ

എസ്റ്റേറ്റിലെ താമസക്കാർ

ലയങ്ങൾ മൂന്ന് ഡിവിഷനുകളിലായാണ്.

ബി.എ ഡിവിഷനിൽ - 19 ലയങ്ങൾ - 89 കുടുംബങ്ങൾ

ടോപ് ഡിവിഷനിൽ - 8 ലയങ്ങൾ - 38 കുടുംബങ്ങൾ

ജിബി ഡിവിഷനിൽ - 7 ലയങ്ങൾ - 38 കുടുംബങ്ങൾ

ആകെ 34 ലയങ്ങൾ - 155 കുടുംബങ്ങൾ

ലയങ്ങളുടെ അവസ്ഥ

തറക്കല്ലുകളും അടിസ്ഥാനവും ഇളകിയ നിലയിലാണ്.കല്ലുകെട്ടുകൾ ഏതുസമയവും അടർന്നു വീഴാം.ജനലുകൾക്കും വാതിലുകൾക്കും അടച്ചുറപ്പില്ല.വൈദ്യുതിയുണ്ടെങ്കിലും വയറിംഗും സ്വിച്ച്‌ബോർഡുകളും ഹോൾഡറുകളും തകർന്നു. ടോയ്‌ലെറ്റുകളും ദയനീയ സ്ഥിതിയിലാണ്. ചുമരുകൾ തകർന്നതോടെ തകരഷീറ്റുകൾ കൊണ്ട് താങ്ങിനിറുത്തിയതാണ് പല ലയങ്ങളും.

ആക്രമിക്കാൻ കാട്ടുമൃഗങ്ങളും

പ്രവർത്തനം നിലച്ചതോടെ കാടുപിടിച്ചുകിടക്കുന്ന വന്യമൃഗശല്യവും ഇഴജന്തുക്കളുടെ ആക്രമണവുമുള്ള സ്ഥലാണ് മനുഷ്യർ കഴിയുന്നത്. മഴക്കാലത്ത് സ്ഥിതി ദുസഹമാണ്.

നിയമതടസവും

നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള നിയമതടസങ്ങളാണ് സർക്കാരിനുമുന്നിലുള്ള പ്രതിസന്ധി.എസ്റ്റേറ്റ് ജപ്തി നടപടികളിൽ തുടരുന്നതിനാൽ സാങ്കേതിക തടസങ്ങൾ ഒട്ടേറെയാണ്. നവീകരണജോലികളിലേക്ക് കടക്കുമ്പോൾ എസ്റ്റേറ്റിന്റെ നിയന്ത്രണമുള്ള മഹാവീർ പ്ലാന്റേഷൻ ഉടമ നിയമപരമായി തടസം സൃഷ്ടിച്ചാൽ അനിശ്ചിതത്വമുണ്ടായേക്കും. ലേബർ കമ്മിഷന്റെ നേതൃത്വത്തിൽ പ്ലാന്റേഷൻ ഉടമയുമായി ചർച്ച നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാകും എന്നതു സംബന്ധിച്ചും വ്യക്തതയില്ല.