തിരുവനന്തപുരം: നൂതന സൗകര്യങ്ങളടങ്ങിയ നാലുനിലമന്ദിരത്തിന്റെ പണി ജനറൽ ആശുപത്രിയിൽ ഈ വർഷം ആരംഭിക്കാനിരിക്കെ ആശുപത്രിവളപ്പിൽ കോടികൾ മുടക്കി നിർമ്മിച്ച മെഡിക്കൽ കോളേജ് കെട്ടിടം അവഗണനയിൽ. ജനറൽ ആശുപത്രി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കാനായി പഴയ ചില കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവരും.ഇതിനായി 27.64 കോടി അധിക ഫണ്ട് കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. പൊളിക്കുന്ന ചില കെട്ടിടങ്ങളിലെ സേവനങ്ങൾ പണ്ടത്തെ കൊവിഡ് വാർഡിലേക്ക് മാറ്റും.
190.54 കോടി ചെലവഴിച്ച് നിർമ്മിച്ച മെഡിക്കൽ കോളേജ് കെട്ടിടം ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യുക്കേഷന്റെ(ഡി.എം.ഇ) കീഴിലാണ്. ജനറൽ ആശുപത്രി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിലായതിനാൽ ജനറൽ ആശുപത്രി അധികൃതർക്ക് കെട്ടിടം ഏറ്റെടുക്കാനാവില്ല. മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാകവെ റെക്കാഡുകൾ സൂക്ഷിക്കാൻ മാത്രമാവും മെഡിക്കൽ കോളേജ് ബ്ലോക്ക് ഉപയോഗിക്കുന്നത്.
700 രോഗികൾക്ക് ചികിത്സാസൗകര്യം,അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങൾ,25,000 രൂപ വാർഷിക ഫീസിൽ 100 വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ് സീറ്റ് എന്നിവയടങ്ങുന്നതായിരുന്നു മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പദ്ധതി.
വാർഡുകൾക്കുള്ള സൗകര്യമില്ല
നഴ്സ് അസിസ്റ്റന്റ് കോഴ്സ്,എമർജൻസി നഴ്സിംഗ്,ബേസിക് എമർജൻസി മെഡിസിൻ എന്നീ ക്ലാസുകൾ വരെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നടത്താൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ വാർഡുകൾ പ്രവർത്തിക്കുന്നതിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ കെട്ടിടത്തിലില്ലെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ പറയുന്നു. ക്ലാസ്റൂമുകളുടെ രീതിയിലാണ് മുറികൾ ക്രമീകരിച്ചിട്ടുള്ളത്.
മാസ്റ്രർപ്ലാനിലെ ബഹുനിലമന്ദിരം
കിഫ്ബിയുടെ സഹായത്തോടെയാണ് ബഹുനിലമന്ദിരം നിർമ്മിക്കുന്നത്. മുൻപ് 143 കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. അത് 207 കോടിയായി പുനർനിർണയിച്ച് അനുമതി ലഭിച്ചു. വാപ്കോസാണ് നിർവഹണന ഏജൻസി.
മെഡിക്കൽ കോളേജ് ബ്ലോക്ക്
1,38,000 ചതുരശ്ര അടി
ചെലവ് 190.54 കോടി
കെട്ടിടം ഡി.എം.ഇയുടെ കീഴിലാണ്