കല്ലറ:ഭാര്യയെ കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പുല്ലമ്പാറ മൂന്നാനക്കുഴി ദർപ്പ പുറത്ത് വീട്ടിൽ സതീഷാണ് (43) അറസ്റ്റിലായത്.

സതീഷും ഭാര്യ ബേബിയും (38) കുറച്ച് ദിവസങ്ങളായി പിണക്കത്തിലായിരുന്നു. തുടർന്ന് ബേബി തന്റെ അമ്മ വസന്തയുടെ (63) ഭരതന്നൂർ അംബേദ്കർ കോളനിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി 11ഓടെ മദ്യപിച്ച് ഇവിടെയെത്തിയ സതീഷ് ബേബിയോടും മാതാവിനോടും വഴക്കിടുകയും കൈയിൽ കരുതിയിരുന്ന റബർ ടാപ്പിംഗ് കത്തിക്കൊണ്ട് ബേബിയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു.

തടയാൻ ശ്രമിച്ച വസന്തയെയും കുത്തി പരിക്കേൽപ്പിച്ചു.ഇവരുടെ നിലവിളി കേട്ട് സമീപവാസികളെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.നാട്ടുകാർ ഉടൻ പാങ്ങോട് പൊലീസിൽ വിവരമറിയിച്ച്, പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രതിയെ രാത്രി തന്നെ പൊലീസ് പട്രോളിംഗിനിടെ പിടികൂടി.ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.