
ബാലരാമപുരം: അപകടാവസ്ഥയിലായ ബാലരാമപുരം പഞ്ചായത്ത് മാർക്കറ്റ് ആധുനിക സംവിധാനങ്ങളോടെ പുതുക്കിപ്പണിയാൻ പഞ്ചായത്ത് തയാറായിട്ടും നിർമ്മാണം അനന്തമായി നീളുന്നു. നാലുനില ഷോപ്പിംഗ് കോപ്ളക്സ് പണിയാൻ പഞ്ചായത്ത് പുതിയ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴും പലകാരണങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ നിർമ്മാണത്തിന് തടസംനിൽക്കുന്നെന്നാണ് പൊതുവായ പരാതി. ഈ സാഹചര്യത്തിൽ ഭരണസമിതി കോടതിയെ സമീപിച്ചു. ഇതിനെതിരെ കച്ചവടക്കാരും കേസുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ്. പഴയ മാർക്കറ്റ് കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് പാളി ഇളകി വീണ് നിരവധി അപകടങ്ങൾ നേരത്തെ നടന്നിട്ടുണ്ട്. പഞ്ചായത്തിനു കീഴിലെ സ്ഥാപനങ്ങളുടെ നികുതിവരുമാനമുൾപ്പെടെയുള്ള ആസ്തിയിൽ നിന്നുള്ള മിച്ചത്തുക കണ്ടെത്തിയാണ് പ്രോജക്ട് തയാറാക്കി സർക്കാരിൽ നിന്നും അനുമതിയോടെ പദ്ധതിയുമായി മുന്നോട്ടു പോയത്.
കെട്ടിടം അൺഫിറ്റ്
എൽ.എസ്.ജി.ഡി ജില്ലാ എൻജിനിയറിംഗ് വിഭാഗം മാർക്കറ്റ് കെട്ടിടം അൺഫിറ്റാണെന്ന് മുദ്രണം ചെയ്തതോടെയാണ് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാൻ പഞ്ചായത്ത് തീരുമാനിച്ചത്. കച്ചവടക്കാരുമായി പഞ്ചായത്ത് സെക്രട്ടറി വ്യാപാരിപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഭരണസമിതി ചർച്ചയും നടത്തിയിരുന്നു. പുതിയ മാർക്കറ്റ് സമുച്ചയത്തിൽ നിലവിലെ കച്ചവടക്കാർക്ക് കച്ചവടം തുടരാനുള്ള സാഹചര്യവും പഞ്ചായത്ത് ഉറപ്പ് നൽകിയിരുന്നു. ഭൂരിഭാഗം കച്ചവടക്കാരും പുതിയ മാർക്കറ്റ് വരുന്നത് സ്വാഗതം ചെയ്തു. കരംപിരിവ് നിറുത്തലാക്കിയിട്ട് മാസങ്ങൾ പിന്നിട്ടു. എന്നിട്ടും നിർമ്മാണം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സൗകര്യങ്ങൾ ഇല്ല
അപകടാവസ്ഥയിലായ കെട്ടിടത്തിൽ കച്ചവടം പാടില്ലെന്നും പകരം കൊടിനടയിൽ താത്കാലിക മാർക്കറ്റ് പണിത് തരുമെന്നും അറിയിച്ചു. കുടിവെള്ളം, വൈദ്യുതി, കച്ചവടം നടത്താനുള്ള സൗകര്യം എന്നിവയും ഒരുക്കി. എന്നാൽ കൊടിനടയിൽ പാർക്കിംഗ് സൗകര്യം, അനുയോജ്യമായ സ്ഥലം, മഴ നനയാതെയുള്ള മേൽക്കൂര, ടോയ്‌ലെറ്റ്, പാർക്കിംഗ് എന്നിവയ്ക്ക് സൗകര്യമില്ലെന്നാണ് കച്ചവടക്കാരുടെ പക്ഷം.