mmarkkattstal

മുടപുരം: മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷനിൽ സമഗ്രവികസനം നടത്താത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. അഴൂർ പഞ്ചായത്തിലെ പ്രധാന ജംഗ്‌ഷനുകളിലൊന്നാണ് മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷൻ. അഴൂർ-ശാസ്തവട്ടം റോഡും മുടപുരം-മുട്ടപ്പലം റോഡും സന്ധിക്കുന്ന ജംഗ്‌ഷനാണിത്. ജനസാന്ദ്രത കൊണ്ട് മുന്നിൽ നിൽക്കുന്ന ഈ പ്രദേശത്ത് കാലത്തിനനുസരിച്ച് വികസനം എത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പബ്ലിക്ക് മാർക്കറ്റിന് പുറമേ അഴൂർ പഞ്ചായത്തിന്റെ ജനകീയാരോഗ്യകേന്ദ്രം, ഹോട്ടലുകൾ, സ്റ്റേഷനറി കടകൾ, ബേക്കറികൾ, ഇലക്ട്രിക്‌‌കട, മെഡിക്കൽ സ്റ്റോർ, സ്റ്റുഡിയോ, ലോട്ടറിക്കടകൾ, ബാർബർ ഷോപ്പുകൾ, ജനസേവനകേന്ദ്രം, റേഷൻകട, അങ്കണവാടി, പെരുങ്ങുഴി ക്ഷീരസംഘം പാൽ സംഭരണകേന്ദ്രം, വെൽഡിംഗ് വർക്ക്ഷോപ്പ്, ആരാധനാലയങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. അഴൂർ-മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ്ഓഫീസും ഈ ജംഗ്‌ഷന്റെ സമീപം തന്നെയാണ്. ഓട്ടോ-ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്ന ഇവിടെത്തന്നെയാണ് സ്ഥലത്തെ പ്രധാന ബസ്‌സ്റ്റോപ്പ്. എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചെങ്കിലും പഞ്ചായത്ത് നിർമ്മിച്ച രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകളും തകരാറിലാണ്.

 അവശതയിൽ ഷോപ്പിംഗ് കോംപ്ലക്സും

വികസന പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ മാർക്കറ്റിനോടു ചേർന്ന് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സുമിന്ന് ജീർണാവസ്ഥയിലാണ്. 60 വർഷം മുൻപ് നിർമ്മിച്ച ഈ കെട്ടിടത്തിൽ നാല് മുറികളുണ്ട്. ഇതിൽ രണ്ട് മുറികൾ റേഷൻകടയ്ക്കും ഒരു മുറി ചായക്കടക്കും മറ്റൊന്ന് കെട്ടിടനിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്നതിനുമാണ്. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും ചുവരിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മേൽക്കൂരയിലെ കോൺക്രീറ്റും ഇളകിവീഴുന്നു. ഇടയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ചോർച്ചയ്ക്ക് ശമനമുണ്ടായില്ല. അതിനാൽ റേഷൻകട അവിടെനിന്നു മാറ്റി മറ്റൊരു കെട്ടിടത്തിലാണിപ്പോൾ പ്രവർത്തിക്കുന്നത്. ഈ കടകൾക്ക് പുറമേ 2004ൽ ചന്തയോടു ചേർന്ന് 6 മുറികളോടുകൂടിയ പുതിയ മാർക്കറ്റ് സ്റ്റാളുകൾ നിർമ്മിച്ചെങ്കിലും പുതിയ സ്റ്റാളിനും ഇതുവരെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ജംഗ്‌ഷനിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതിനായി ആവശ്യക്കാർ വരുന്നുണ്ടെങ്കിലും കടമുറികൾ കിട്ടാനില്ല. അതിനാൽ ഇവിടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് ഉയരേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു.

നിർദ്ദേശങ്ങൾ

മാർക്കറ്റിനോടു ചേർന്നുള്ള പഴയ കടമുറികൾ പൊളിച്ച് ജംഗ്‌ഷന്‌ വിസ്തൃതി വരത്തക്കവണ്ണം പുതിയ മൂന്നുനില ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കണം

രണ്ട് നിലകളിൽ കടമുറികളും മൂന്നാമത്തെ നിലയിൽ മിനി കോൺഫറൻസ് ഹാളും നിർമ്മിക്കണം

മൂന്ന് റോഡുകളും സന്ധിക്കുന്ന ജംഗ്‌ഷന്‌ വിസ്തൃതി കൂടുമ്പോൾ, ജംഗ്‌ഷനിൽ ട്രാഫിക് സ്‌ക്വയർ നിർമ്മിക്കണം

മാർക്കറ്റ് പുതുക്കി ആധുനിക രീതിയിലുള്ള ഹൈടെക് ഫിഷ്‌‌മാർക്കറ്റ് നിർമ്മിക്കണം

ഡ്രെയിനേജ് സംവിധാനത്തോടു കൂടിയ ശുചീകരണ സംവിധാനം ഒരുക്കണം. ഇതിനായി പഞ്ചായത്ത് മുൻകൈയെടുത്ത് പദ്ധതി തയ്യാറാക്കണം