കിളിമാനൂർ: ഈ ഓണക്കാലം കെ.എസ്.ആർ.ടി.സിക്കൊപ്പം യാത്ര ചെയ്യാം. ഓണക്കാല ട്രിപ്പുമായി കിളിമാനൂർ കെ.എസ്.ആർ.ടി.സി ഒരുങ്ങിക്കഴിഞ്ഞു. കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ഓണാവധി ആഘോഷിക്കാനിരിക്കുന്നവർക്കാണ് കുറ‌ഞ്ഞ നിരക്കിൽ സൗകര്യമൊരുക്കിയിരിക്കുന്നത്. ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രാ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവ‌ർക്കാണ് അവസരം. പൂർവ്വവിദ്യാർത്ഥി സംഘടനകൾ, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് ഗ്രൂപ്പുകളായും ബുക്ക് ചെയ്യാം. ബുക്കിംഗിനായി 9633732363,9645667733,8086999298 എന്നീ നമ്പറുകളിൽ വിളിക്കാം. ബഡ്‌ജറ്റ് ടൂറിസത്തോടെ ആനവണ്ടി ഫാൻസിന്റെ എണ്ണവും വ‌ർദ്ധിച്ചിട്ടുണ്ട്. വലിയ ചെലവില്ലാത്തതിനാൽ കുടുംബത്തോടൊപ്പം യാത്രചെയ്യാൻ ധാരാളംപേരെത്തുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ യാത്രയാണ് കെ.എസ്.ആർ.ടി.സി സമ്മാനിക്കുന്നത്.

യാത്ര പോവാം

രാമക്കൽമേട്, പെരുമാതുറ, കാപ്പിൽ, അഞ്ചുതെങ്ങ്, അഷ്ടമുടിക്കായലിലൂടെ കപ്പൽ യാത്ര, വാഗമൺ, മാമലക്കണ്ടം, ഇലവീഴാപൂഞ്ചിറ, അടവി കുട്ടവഞ്ചി, അഞ്ചുരുളി, അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ, പഞ്ചപാണ്ഡവൻപാറ, ആനച്ചാടിക്കുന്ന്

വമ്പൻ ഹിറ്റ്

മുൻതവണ നടത്തിയ ബഡ്ജറ്റ് ടൂറിസത്തിന്റെ ഓരോ ട്രിപ്പും വൻ വിജയമായിരുന്നു. രാമായണ മാസത്തിൽ നാലമ്പല ദർശന പാക്കേജുമായി ബഡ്ജറ്റ് ടൂറിസം സെൽ കിളിമാനൂർ,​ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തിയ ബഡ്ജറ്റ് ടൂറിസത്തിന്റെ നൂറാം യാത്ര ഉൾപ്പെടെ വൻ വിജയമായിരുന്നു.