
തിരുവനന്തപുരം: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ചലച്ചിത്ര നടനും എം.എൽ.എയുമായ എം.മുകേഷിനെ ഒഴിവാക്കി. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഒരു നടിയുടെ ലൈംഗികാരോപണ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് നടപടി. സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.പി.എമ്മും നിർദ്ദേശിച്ചിരുന്നു.
അതേസമയം, ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ സമിതിയിൽ തുടരും. ഉണ്ണികൃഷ്ണനെ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഉൾപ്പെടെയുള്ളവർ സർക്കാരിന് കത്ത് നൽകിയിരുന്നു.
കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും തുടർന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിലും മുകേഷ് വിഷയം ചർച്ചയായിരുന്നു. പീഡനാരോപണത്തെ തുടർന്ന് മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും സിനിമ നയത്തിന്റെ കരട് രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ധാരണ.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും പൊതുവായ സിനിമാനയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലാണ് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചത്.
'വ്യാജ പരാതികൾ
ഭയപ്പെടുത്തുന്നു'
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് വ്യക്തിവൈരാഗ്യം തീർക്കാനും പ്രതിച്ഛായ തകർക്കാനും പൊലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നത് സർക്കാർ ഗൗരവമായി കാണണമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാമെന്ന സ്ഥിതി സിനിമയെ മാത്രമല്ല, സമൂഹത്തെയാകെ സാരമായി ബാധിക്കുമെന്ന് സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. ലൈംഗിക പീഡനപരാതികളിൽ ആരോപിതർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. സാഹചര്യം മുതലെടുത്ത് വ്യാജപീഡന പരാതികൾ ഉയരുന്നത് ഭയപ്പെടുത്തുന്നതാണ്.
മുകേഷിനും ഇടവേള
ബാബുവിനും
മുൻകൂർ ജാമ്യം
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ മുകേഷ് എം. എൽ.എ, ഇടവേള ബാബു എന്നിവർക്ക് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ലായേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അഡ്വ. വി.എസ്. ചന്ദ്രശേഖരന്റെ ജാമ്യഹർജി ശനിയാഴ്ചത്തേക്ക് മാറ്റി.
കേരളം വിടരുത്, ഇരയുമായി സമൂഹമാദ്ധ്യമങ്ങളിലടക്കം ബന്ധപ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം.
അടച്ചിട്ട കോടതിമുറിയിൽ നടന്ന വാദത്തിന് ശേഷം രാത്രി എട്ടു മണിയോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് വിധി പറഞ്ഞത്. 15 വർഷങ്ങൾക്കു ശേഷമുള്ള പരാതി കെട്ടുകഥയാണെന്നായിരുന്നു മുകേഷിന്റെ വാദം. നടി ഏഴു പേർക്കെതിരെ നൽകിയ പരാതിയിലാണ് മുകേഷിന്റെയും ഇടവേള ബാബുവിന്റെയും പേരുള്ളത്.
മുകേഷ് മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇടവേള ബാബു എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളാണ്.
നടൻ പ്രേംകുമാർ ചുമതലയേറ്രു
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയുടെ താത്കാലിക ചെയർമാനായി നടൻ പ്രേംകുമാർ ചുമതലയേറ്രു. സംവിധായകൻ രഞ്ജിത്ത് രാജിവച്ച സ്ഥാനത്തേക്കാണ് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന്റെ നിയമനം. പുതിയ ചുമതലയിൽ വ്യക്തിപരമായി സന്തോഷിക്കുന്നില്ലെന്നും രഞ്ജിത്ത് പ്രിയപ്പെട്ട സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമിയുടെ ജനാധിപത്യ സ്വഭാവം കാക്കും. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനുള്ള പരിശീലന പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമാമേഖലയെ മാറ്റും. സിനിമ കോൺക്ലേവിന്റെ തീയതിയിൽ തീരുമാനമായില്ല. മാറ്റേണ്ടവരെ മാറ്റിനിറുത്തും. സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് വേദിയുണ്ടാകണം. അക്കാഡമിയുടെ തലപ്പത്തേക്ക് വനിത വരണമെന്ന് ആവശ്യപ്പെട്ടതായും പ്രേംകുമാർ പറഞ്ഞു.