തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ ഒന്നര മണിക്കൂർ തലസ്ഥാനം യുദ്ധക്കളമായി. ഉച്ചയ്ക്ക് 1.45ന് ആരംഭിച്ച സംഘർഷത്തിന് 3.15ഓടെയാണ് അയവു വന്നത്.പൊലീസും പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. 200 ഓളം പ്രവർത്തകർക്കെതിരെ കേസെടുത്തു.

എട്ട് റൗണ്ട് ജലപീരങ്കിയാണ് പ്രയോഗിച്ചത്. ജലപീരങ്കി വാഹനത്തിലെ വെള്ളം മുഴുവൻ തീർന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല.

ജലപീരങ്കി വാഹനത്തിനു നേരെ കൊടികെട്ടിയ കമ്പും ചെരുപ്പും വലിച്ചെറിഞ്ഞു. വാഹനത്തിന് മുൻവശത്തേക്ക് കയറിയും വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധം തുടർന്നു. പൊലീസുമായി വാക്കേറ്റവും കൈയാങ്കളിയുമായി. വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. രണ്ട് മണിക്കൂറോളം സ്റ്റാച്യു- യൂണിവേഴ്സിറ്റി വഴിയുള്ള ഗതാഗതം താറുമാറായി.

വനിതാ പ്രവർത്തകർ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതും സെക്രട്ടേറിയറ്റ് വളപ്പിൽ നിലയുറപ്പിച്ചിരുന്ന പൊലീസ് തടഞ്ഞതും സംഘർഷത്തിന് ആക്കം കൂട്ടി.വനിതാ പ്രവർത്തകയെ ലാത്തി കൊണ്ട് മർദ്ദിച്ചതായി ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും ഉൾപ്പെടെ മതിലിന് മുകളിൽ കയറി പ്രതിഷേധിച്ചു.തുടർന്നാണ് പ്രവർത്തകർ പാഞ്ഞടുത്തതും പൊലീസ് ലാത്തിചാർജ്ജ് നടത്തിയതും.

അബിൻ വർക്കി

ചികിത്സയിൽ

ലാത്തിയടിയിൽ തലയ്ക്ക് പരിക്കേറ്റ അബിൻ വർക്കിയെ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.‌കൈക്ക് പരിക്കേറ്റ കന്റോൺമെന്റ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിജുകുമാറും മുഖത്തും കൈക്കും പരിക്കേറ്റ വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ സനോജ്, പൊലീസ് ലാത്തിയടിയിൽ കൈ ഒടിഞ്ഞ സുമേഷ് തലയ്ക്ക് പരിക്കേറ്റ സുരേഷ് എന്നിവ‌ർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ ആക്രമിച്ചതിനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ,വൈസ് പ്രസിഡന്റ് അബിൻ വർക്കി,ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തു.അറസ്റ്റ് ചെയ്ത അഞ്ച് യൂത്ത് കോൺഗ്രസുകാരെ കോടതി റിമാൻഡ് ചെയ്തു.