
നേമം: പാപ്പനംകോട് ഇൻഷ്വറൻസ് ഏജൻസിയിലെ തീപിടിത്തത്തിൽ മരിച്ച ബിനുവിന്റെ മൃതദേഹത്തിനു വേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് ഇന്ന് നാലാം നാൾ.ഡി.എൻ.എ പ്രൊഫൈൽ ഫലം പുറത്തുവരും മുൻപ് വീട്ടുകാർ ആവശ്യപ്പെട്ടാൽ മൃതദേഹം വിട്ടുകൊടുക്കുമെന്ന് നേമം പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് പാപ്പനംകോട്ടെ ഇൻഷ്വറൻസ് ഏജൻസിയിലെത്തി ഭാര്യ വൈഷ്ണയെ തീകൊളുത്തി കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്യുകയായിരുന്നു. മരിച്ച വൈഷ്ണയെ ബന്ധുക്കൾ തിരിച്ചറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി ബുധനാഴ്ച തന്നെ ശാന്തികവാടത്തിൽ സംസ്കരിച്ചിരുന്നു.എന്നാൽ ബിനുവിന്റെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാനായില്ല. സാഹചര്യത്തെളിവുകളുടെയും സി.സി ടിവി ദൃശ്യങ്ങളുടെയും പിൻബലത്തിലാണ് മരിച്ച രണ്ടാമൻ ബിനുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
നിയമപരമായി ബിനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കണമെങ്കിൽ ഡി.എൻ.എ ടെസ്റ്റ് നടപടികൾ പൂർത്തിയാക്കണം.സഹോദരന്റെ രക്തസാമ്പിൾ നേരത്തേ ശേഖരിച്ചെങ്കിലും അമ്മയുടേത് ഇന്നലെയാണ് കിട്ടിയത്. ഇത് ഫോറൻസിക് ലാബിലേക്ക് ഉടനെ അയയ്ക്കും. നടപടികൾ പൂർത്തിയായശേഷം മാത്രമേ ആളെ ശാസ്ത്രീയമായി തിരിച്ചറിയാൻ സാധിക്കൂവെങ്കിലും,മരിച്ചത് ബിനുവാണെന്ന് പൊലീസിന് സംശയമില്ലാത്തതിനാൽ വീട്ടുകാർ മുന്നോട്ടുവന്നാൽ മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് നേമം എസ്.എച്ച്.ഒ ആർ.രഗീഷ് കുമാർ പറഞ്ഞു.
മകനെ നഷ്ടപ്പെട്ട് നാലുനാൾ കഴിഞ്ഞിട്ടും അവന്റെ ചേതനയറ്റ ശരീരം ഒന്ന് കാണാനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ കഴിയാത്ത തീരാവേദനയിലാണ് ബിനുവിന്റെ അമ്മയും സഹോദരങ്ങളും. മകന്റെ വേർപാട് രോഗങ്ങളും പരാധീനതകളുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന കേശവപ്പണിക്കർക്കും സരോജത്തിനും താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് നാട്ടുകാർ പറയുന്നു.