
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദൻ പ്രതിയായ ഭൂമിദാനക്കേസിൽ, വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിച്ചതിനു വിവരാവകാശ കമ്മിഷണർ സ്ഥാനത്തുനിന്ന് തെറിച്ച കെ.നടരാജന് ഗവർണർ 'രക്ഷകൻ" ആകുന്നു. 2012ലാണ് മുൻ ഡി.ഐ.ജി കൂടിയായ നടരാജനെ സസ്പെൻഡ് ചെയ്തത്. ഇത്രകാലവും ആ നില തുടർന്നു. സസ്പെൻഷൻ കാലാവധി ഡ്യൂട്ടിയായി കണക്കാക്കി അക്കാലത്തെ മുഴുവൻ ശമ്പളവും പലിശ സഹിതം തിരിച്ചുനൽകാൻ സർക്കാരിന് ഉത്തരവ് നൽകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. ഇക്കാര്യം സുപ്രീംകോടതിയെയും അറിയിക്കും. രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസിലെ അസാധാരണമായ നടപടിയാണ് 12വർഷത്തിനു ശേഷം ഗവർണർ തിരുത്തുന്നത്.
മുഖ്യമന്ത്രിയായിരിക്കെ 2010ൽ വി.എസ്.അച്യുതാനന്ദൻ ആലപ്പുഴക്കാരനായ ബന്ധു ടി.കെ.സോമന് കാസർകോട്ട് ജില്ലയിൽ 2.33ഏക്കർ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനൽകിയെന്ന കേസിൽ വി.എസിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് അന്വേഷണത്തിനിടെ, ഡിവൈ.എസ്.പി വി.ജി.കുഞ്ഞനെ വിവരാവകാശ കമ്മിഷണറായിരുന്ന കെ.നടരാജൻ 20തവണ ഫോണിൽ വിളിച്ച് വി.എസിനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകാനാവശ്യപ്പെട്ടെന്ന് എ.ഡി.ജി.പിയായിരുന്ന ആർ.ശ്രീലേഖയുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയായിരുന്നു ഗവർണറായിരുന്ന എച്ച്.ആർ.ഭരദ്വാജ് സസ്പെൻഡ് ചെയ്തത്. നടരാജന്റെ ഫോൺസംഭാഷണവും പുറത്തുവന്നിരുന്നു.
സസ്പെൻഷനിലാകുന്ന വിവരാവകാശ കമ്മിഷണർക്കെതിരേ സുപ്രീംകോടതി നിർദ്ദേശിക്കുന്ന ജഡ്ജിമാരുടെ പാനൽ അന്വേഷിക്കണം എന്നാണ് വിവരാവകാശ നിയമം. ഈ അന്വേഷണം നീണ്ടതോടെ നീതിനിഷേധം ചൂണ്ടിക്കാട്ടി നടരാജൻ കോടതിയിലെത്തി. ഗവർണർക്കും പലവട്ടം പരാതിനൽകി. ഇതിൽ സർക്കാരിന്റെ അഭിപ്രായം ഗവർണർ നാലുവട്ടം തേടിയെങ്കിലും ചീഫ്സെക്രട്ടറി മറുപടി നൽകിയില്ല. നടരാജന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതിയും ഗവർണറോട് നിർദ്ദേശിച്ചു. ഇതോടെയാണ് സസ്പെൻഷൻ റദ്ദാക്കി, ആ കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ച് ഉത്തരവിറക്കാൻ ഗവർണർ നീക്കം തുടങ്ങിയത്.
കേസിലെ കഥയും കാര്യവും
1. വി.എസിനെ കേസിൽപെടുത്താൻ വിജിലൻസിനെ ദുരുപയോഗപ്പെടുത്തിയെന്നും ഔദ്യോഗിക പദവികൾ മുഖ്യമന്ത്രിയായ അദ്ദേഹം ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
2. അഴിമതിരഹിതനെ ക്രൂശിക്കാനാവില്ലെന്നും വി.എസിനെ കേസിൽപെടുത്തിയത് അളവിനനുസരിച്ച് കുരിശുനിർമ്മിക്കും പോലെയാണെന്നുമാണ് സിംഗിൾബഞ്ച് വിലയിരുത്തിയത്.
3. ഇതിനെതിരേ യു.ഡി.എഫ് സർക്കാരിന്റെ അപ്പീലിൽ ഉത്തരവ് സ്റ്റേചെയ്തിരുന്നു. 2019സെപ്തംബറിൽ പിണറായിസർക്കാർ അപ്പീൽ പിൻവലിച്ചു. നടരാജന് 'ശാപമോഷം" നൽകിയതുമില്ല.