
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹൈസ്‌കൂൾ ഹയർ സെക്കൻഡറി ഏകീകരണത്തിനെതിരെയുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് സംസ്ഥാന കമ്മിറ്റി അദ്ധ്യാപകദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഹയർ സെക്കൻഡറി അദ്ധ്യാപകർ അദ്ധ്യാപകദിനം ഹയർ സെക്കൻഡറി സംരക്ഷണ ദിനമായി ആചരിച്ചു.എഫ്.എച്ച്.എസ്.ടി.എ ചെയർമാൻ ആർ.അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. അനിൽ വട്ടപ്പാറ, കെ.വെങ്കടമൂർത്തി, നിസാർ ചേലേരി, കെ.സിജു, എസ്.മനോജ്, കെ.കെ ആലിക്കുട്ടി, ശ്രീജേഷ് കുമാർ കെ.കെ തുടങ്ങിയവർ സംസാരിച്ചു.