തിരുവനന്തപുരം: കഴക്കൂട്ടത്ത് ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയ അനധികൃത മദ്യശേഖരം പിടികൂടി.രണ്ടുപേർ അറസ്റ്റിൽ.തുമ്പ ആറാട്ടുവഴി പാലത്തിൽ കഴക്കൂട്ടം പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഓട്ടോയിൽ നിന്ന് 36 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്.

ഓട്ടോ ഡ്രൈവർ വള്ളക്കടവ് സ്വദേശി റിനോയ് (36),സെന്റ് ആൻഡ്രൂസ് സ്വദേശി ആന്റണി (42 ) എന്നിവരാണ് പിടിയിലായത്.വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.ഓട്ടോയിലെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് ചാക്കിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ കണ്ടെത്തിയത്.61 കുപ്പികളിലായി 36.5 ലിറ്റർ മദ്യമാണ് കിട്ടിയത്. ഇവർ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. തീരദേശത്ത് അനധികൃതമായി വില്പന നടത്താനായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് പൊലീസിനോടു പറഞ്ഞു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.