തിരുവനന്തപുരം: നാഗർകോവിലിലേക്കുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം,ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്രുന്ന പണി പാതിവഴിയിൽ. ഇന്നലെ തുടങ്ങിയ പണി ഇന്ന് ഉച്ചയോടെ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

സി.ഐ.ടി റോഡിലെയും ശാസ്ത്രി നഗറിലെയും റെയിൽവേ ക്രോസിലാണ് പണി നടക്കുന്നത്. ഇതുമൂലം നേമം,ഐരാണിമുട്ടം പ്ലാന്റുകളിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം നിറുത്തിവച്ചിരിക്കുകയാണ്.

രണ്ട് ദിവസത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെങ്കിലും വെള്ളം ശരിയായ മർദ്ദത്തിൽ ലഭ്യമാകാൻ കാലതാമസമുണ്ടാകുമെന്ന് അധികൃതർ പറയുന്നു.നഗരത്തിലെ 45ഓളം വാർ‌ഡുകളെ ഇതു സാരമായി ബാധിച്ചിട്ടുണ്ട്.

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പണികളും അറ്റകുറ്റപ്പണികളും മൂലം അടുത്തിടെ മൂന്നിലേറെ തവണ ജലവിതരണം നിറുത്തിവച്ചിരുന്നതിനാൽ കരുതിവച്ചിരുന്ന വെള്ളവും തീർന്നതായി നാട്ടുകാർ പറയുന്നു. ജലവിതരണം നിറുത്തിവച്ചതിന് പകരമായി നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്നത് പേരിനു മാത്രമാണ്.പലയിടത്തും സ്വകാര്യ ഏജൻസികളിൽ നിന്ന് കൊള്ളവിലയ്ക്കാണ് വെള്ളം വാങ്ങുന്നത്.

അതേസമയം, സ്മാർട്ട് സിറ്റി നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളയമ്പലത്തെയും ആൽത്തറയിലെയും പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ആൽത്തറ ജംഗ്ഷനിലുള്ള പ്രധാന പൈപ്പ് ലൈൻ പണി,ഇന്റർകണക്ഷൻ,ഡെക്റ്റ് ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് പൂർത്തിയാക്കാനുള്ളത്.