
തിരുവനന്തപുരം: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി, കസ്റ്റഡി മരണം, വ്യാജമായി മയക്കുമരുന്ന് കേസുണ്ടാക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ നേരിടുന്ന എസ്.പി സുജിത്ത്ദാസിനെ സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി എട്ടേകാലോടെ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. സസ്പെൻഡ് ചെയ്യാൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് തിങ്കളാഴ്ച ശുപാർശ നൽകിയിരുന്നെങ്കിലും അന്ന് മുഖ്യമന്ത്രി അത് നിരസിക്കുകയായിരുന്നു.
കള്ളക്കടത്ത് സ്വർണം ഉരുക്കിമാറ്റി കോടികളുണ്ടാക്കിയെന്നും സ്വർണക്കേസുകളിലെ പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നതുമടക്കം ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് അടിയന്തര നടപടി.
പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് തിങ്കളാഴ്ച മാറ്റിയ സുജിത്തിന് നിയമനം നൽകിയിരുന്നില്ല.
എന്നാൽ, ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനുള്ള ഡി.ജി.പിയുടെ ശുപാർശ സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സുജിത്ത്ദാസിനെതിരായ ആരോപണങ്ങൾ കേരളകൗമുദി 'ക്രിമിനൽതൊപ്പി' പരമ്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
മലപ്പുറം എസ്.പിഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തിയതിന് പി.വി.അൻവർ നൽകിയ പരാതി പിൻവലിച്ചാൽ എം.എൽ.എയ്ക്ക് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺസംഭാഷണം പുറത്തുവന്നിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവർക്കുമേൽ കഞ്ചാവ്കേസ് കെട്ടിവച്ചെന്ന് ഹൈക്കോടതിയിൽ ഹർജിയുണ്ട്. താനൂരിൽ താമിർജിഫ്രിയുടെ കസ്റ്റഡിമരണത്തിലും സംശയനിഴലിൽ. സി.ബി.ഐ അന്വേഷിക്കുന്നു.