തിരുവനന്തപുരം: അത്തം തുടങ്ങിയതോടെ പൂ വിപണിയും സജീവമായി.ചാല മാർക്കറ്റിലെ പൂക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.കർണാടകയിലെ ഗുണ്ടൽപേട്ട്,തമിഴ്നാട്ടിലെ തോവാള,തെങ്കാശി,സുന്ദരപാണ്ഡ്യപുരം,ആയിക്കുടി,ഹോസൂർ,കോയമ്പത്തൂർ,തേനി,ശങ്കരൻകോവിൽ,മധുര,​ഡിണ്ടിഗൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പൂക്കളാണ് ജില്ലയിൽ കൂടുതലായി എത്തുന്നത്.

ചെണ്ടുമല്ലിയും ജമന്തിയും ഗുണ്ടൽപേട്ടയിൽ നിന്നും മഞ്ഞ ചെണ്ടുമല്ലി,റോസ,ഓറഞ്ച് ജമന്തി,കോഴിപ്പൂവ് തുടങ്ങിയവ തോവാളയിൽ നിന്നും അരളി സേലത്തുനിന്നും വാടാമുല്ല,വിവിധയിനം റോസ എന്നിവ ഡിണ്ടിഗലിൽ നിന്നാണെത്തുന്നത്. കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഇത്തവണ പൂക്കളുടെ വില കുറഞ്ഞിട്ടുണ്ട്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ക്ലബുകളും ഓഫീസുകളും ഓണാഘോഷം ഒഴിവാക്കിയത് പൂ വിപണിക്ക് തിരിച്ചടിയായി. ഇത്തവണ പലയിടങ്ങളിലും അത്തപ്പൂക്കളവും മത്സരവുമില്ല. പ്ളാസ്റ്റിക് പൂക്കളുടെയും റെഡിമെയ്ഡ് പൂക്കളത്തിന്റെ വരവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. എന്നാലും വരും ദിവസങ്ങളിൽ കച്ചവടം പൊടിപ്പൊടിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.

നാട്ടുപ്പൂക്കളെ മറന്നു

നാട്ടിൻപ്പുറങ്ങളിൽ സുലഭമായിരുന്നു തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കാശിത്തുമ്പയുമൊക്കെ വിരളമായതോടെയാണ് അത്തപ്പൂക്കളത്തിന് വിപണികളെ ആശ്രയിക്കുന്ന പ്രവണത കൂടിയത്.

നാട്ടുപൂക്കൾ ഇപ്പോൾ വിപണികളിലില്ല. പകരം വിവിധ നിറത്തിലുള്ള ഹൈബ്രീഡ് ക്രിസാന്തവും ജെറിബെറയുമാണ്.

പൂക്കളുടെ കമ്പോള വില (കിലോ)

മഞ്ഞ, ഓറഞ്ച് ജമന്തി - 80

വെള്ള ജമന്തി- 350

റോസ - 300

വാടാമുല്ല - 250

കോഴിപ്പൂവ്-250

പനീർ റോസ-200

തെറ്റി-400

ചുവന്ന അരളി-100

വെള്ള അരളി-350

മുല്ല-1500

പിച്ചി-1500

താമര-30

തുളസി-100

കൊഴുന്ന്-100