
വ്യവസായ രംഗത്തെ ചരിത്രക്കുതിപ്പിലൂടെ കേരളം വീണ്ടും ഇന്ത്യയ്ക്ക് മാതൃകയാകുന്നു. രാജ്യത്തെ ഒന്നാം നമ്പർ വ്യവസായ സൗഹൃദ സംസ്ഥാനമെന്ന വിലോഭനീയ പദവിയിൽ കേരളം സ്ഥാനം നേടിയിരിക്കുകയാണ്. നേട്ടങ്ങളുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുന്നു. വ്യവസായ സൗഹൃദാന്തരീക്ഷത്തിന് പരിഗണിക്കപ്പെടുന്ന ഒമ്പത് സൂചികകളിലും ഒന്നാമതെത്തിയാണ് നമ്മുടെ നാട് ഈ അത്യപൂർവ നേട്ടത്തിന് അർഹമായത്. നാലുവർഷം മുമ്പ് രാജ്യത്തെ ഏറ്റവും അവസാന സ്ഥാനത്തായിരുന്നിടത്തു നിന്നാണ് ചുരുങ്ങിയ കാലംകൊണ്ട് കേരളം സുവർണ നേട്ടം സ്വന്തമാക്കിയത്. 2021-ൽ 15-ാം സ്ഥാനത്തേക്കായിരുന്നു വിജയക്കുതിപ്പെങ്കിൽ, കഴിഞ്ഞ മൂന്നുവർഷംകൊണ്ട് ഒന്നാമതെത്തുക എന്ന സ്വപ്‌നതുല്യമായ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഇതിനുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലിൽ നിന്ന് ഏറ്റുവാങ്ങുകയുണ്ടായി.
വിസ്‌മയകരമായ ഈ നേട്ടം കൈവരിക്കുന്നതിന് സംസ്ഥാനത്തെ വ്യവസായ വകുപ്പിനെ ഏറെ ദീർഘവീക്ഷണത്തോടെയും പ്രതിജ്ഞാബദ്ധതയോടെയും ചലിപ്പിക്കുന്നതിന് മന്ത്രിയെന്ന നിലയിൽ ചുക്കാൻ പിടിച്ച പി. രാജീവിനെ ഞങ്ങൾ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്‌കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഒമ്പത് വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി. 95 ശതമാനത്തിലേറെ മാർക്ക് കരസ്ഥമാക്കിയ 'ടോപ്പ് പെർഫോമർ" പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിലും കേരളമാണ് ഏറ്റവും മുന്നിൽ. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെയും സംസ്ഥാനങ്ങളുടെ പ്രകടനത്തേയും ആധാരമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിംഗ് നടത്തിയത്. ഏകജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമതെത്തിയത്.
വ്യവസായ മുന്നേറ്റത്തിനും അതുവഴി ജനജീവിതത്തിന്റെ സർവതല മുന്നേറ്റത്തിനും ദീർഘവീക്ഷണത്തോടെ ജനപക്ഷത്തുനിന്ന് ഇടപെടലുകൾ നടത്തിയ സമ്പന്ന പാരമ്പര്യം കേരളത്തിനുണ്ട്. കേരളം എന്ന നാട് ഔപചാരികമായി രൂപപ്പെടുന്നതിനു മുമ്പുതന്നെ ഈ ദിശയിൽ സംവാദങ്ങൾ നടത്തിയ പാരമ്പര്യവും നമുക്കുണ്ട്. അതിന് തുടക്കം കുറിച്ചത് വിശ്വഗുരുവും കേരളത്തിന്റെ നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുദേവനാണ്. ഗുരുധർമ പ്രചാരണത്തിനായി ശിഷ്യർക്കു നൽകിയ നിർദ്ദേശങ്ങളിൽ വ്യവസായത്തെക്കുറിച്ച് ഗുരു പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ ഐക്യകേരളപ്പിറവിക്കു ശേഷം രൂപംകൊണ്ട സർക്കാരുകൾ ചില നീക്കങ്ങൾ നടത്തിയെങ്കിലും പലവിധ കാരണങ്ങളാൽ വ്യവസായ മുന്നേറ്റത്തിൽ വലിയ കുതിപ്പ് കൊണ്ടുവരാൻ നമുക്കു കഴിഞ്ഞില്ല.
അടിസ്ഥാനസൗകര്യ വികസനം, വിഭവശേഷി സമാഹരണം, തുടങ്ങി പല കാരണങ്ങൾ കൊണ്ട് കിതച്ചും അണച്ചും സഞ്ചരിച്ച വ്യവസായ മേഖലയെയാണ് ഇപ്പോൾ വലിയൊരു ട്രിപ്പിൾ ജമ്പിനോട് ഉപമിക്കാവുന്ന വിധം അതിന്റെ പരമപീഠത്തിൽ എത്തിച്ചിരിക്കുന്നത്. പ്രളയവും ഉരുൾപൊട്ടലും കൊവിഡുമടക്കമുള്ള സാമൂഹ്യ ദുരന്തങ്ങളുടെ കണ്ണീർവഴികളിലൂടെ പോകുന്നതിനിടയിലാണ് കേരളം വിജയത്തിന്റെ നെറുകയിലെത്തിയത് എന്നത് നാം കൈവരിച്ച നേട്ടത്തിന്റെ തങ്കത്തിളക്കത്തിന് ഏഴഴക് സമ്മാനിക്കുന്നുണ്ട്. വിവിധ വകുപ്പുകൾ, വ്യവസായ വകുപ്പുദ്യോഗസ്ഥർ, സംരംഭക സംഘടനകൾ എന്നിവയുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് മന്ത്രി പി. രാജീവ് തന്നെ പറഞ്ഞിട്ടുണ്ട്. പല മേഖലകളിലുമെന്ന പോലെ വ്യവസായ മുന്നേറ്റത്തിന്റെ വഴികളിലും പുതിയ സാദ്ധ്യതകൾ തുറന്നുതരുന്ന കാലമാണിത്. അതു പ്രയോജനപ്പെടുത്തി നമ്മുടെ നേട്ടങ്ങൾ നിലനിറുത്താനും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും ഇപ്പോൾ ലഭിച്ച അംഗീകാരം പ്രചോദനമാകട്ടെ.