
തിരുവനന്തപുരം: പിണറായി വിജയൻ ഭീകരജീവിയാണെന്നും ഞാൻ, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നതുമാത്രമാണ് ചിന്തയെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സുധാകരൻ.
എട്ട് വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 1,35,000 മാനഭംഗക്കേസ്. ഇതാണ് പിണറായിയുടെ ഭരണനേട്ടം. ജനങ്ങളുടെ ഹൃദയത്തുടിപ്പ് മനസിലാക്കാനാവാത്ത ഭീകരജീവി. വൃത്തികെട്ട മനുഷ്യൻ. പിണറായിയെ അങ്കിളെന്ന് വിളിക്കുന്ന എസ്.പിയുടെയും സി.ഐയുടെയുമൊക്കെ കുറ്റാരോപണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇങ്ങനെയൊരു മുഖ്യമന്ത്രിയെ വച്ചുകൊണ്ടിരിക്കണോയെന്ന് സി.പി.എം തീരുമാനിക്കണം. ഇല്ലെങ്കിൽ അടിച്ചുപുറത്താക്കാൻ ജനങ്ങൾ ഒന്നടങ്കം മുന്നോട്ടുവരും. അതിന് കോൺഗ്രസ് മുൻകൈയെടുക്കും.
സ്ത്രീകൾക്കെതിരേ അതിക്രമം നടക്കുന്ന നാടായി കേരളം മാറിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസന്വേഷണം സി.ബി.ഐക്ക് വിടുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. എം.എൽ.എ ഹോസ്റ്റലിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, വി.കെ. അറിവഴകൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു, ആന്റോ ആന്റണി എം.പി, ജെബി മേത്തർ എം.പി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.