ko

കോവളം : ഐ. ടി ഓഫീസർ ചമഞ്ഞ് മുട്ടയ്ക്കാട് സ്വദേശിയായ വീട്ടമ്മയിൽ നിന്നു പണവും സ്വർണ്ണവും കൈക്കലാക്കി അജ്ഞാതൻ മുങ്ങിയതായി പരാതി. കജിത എന്ന സ്ത്രീയെ കബളിപ്പിച്ചാണ് 15,50,000 രൂപയും 22 പവനുമായി വിരുതൻ മുങ്ങിയത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഐ.ടി ഓഫീസർ ചമഞ്ഞ് ഇയാൾ കോവളത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്താൽ കെ. എസ് റോഡിൽ ഒരു വീട് വാടകയ്ക്കെടുത്തത്. വീട്ടിലെ സഹായിയാണ് പരാതിക്കാരിയായ കജിത. കഴിഞ്ഞ മേയ് മുതലാണ് ഇയാളുടെ വാടക വീട്ടിൽ എത്തുന്നത്. തുടർന്ന് പലവിധ സാമ്പത്തിക ഇടപാടുകൾ നടത്തുകയും ഇയാൾ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്തു. കജിതയെയും കുടുംബത്തെയും മലേഷ്യയിൽ കൊണ്ടുപോകാമെന്നും മുന്തിയ ജോലി തരപ്പെടുത്താമെന്നും വിശ്വസിപ്പിച്ച് പലപ്പോഴായി വീട്ടമ്മയുടെ സ്വർണ്ണവും പണവും ഇയാൾ കൈക്കലാക്കി മുങ്ങുകയായിരുന്നു. എല്ലാ ഭാഷകളും സംസാരിക്കാൻ അറിയാവുന്ന ഇയാൾ പേര് പ്രശാന്ത് കുമാർ എന്നാണ് എല്ലാപേരെയും വിശ്വസിപ്പിച്ചിരുന്നത്. ലോൺ വ്യവസ്ഥയിൽ വാഹനങ്ങൾ എടുത്തു കൊടുക്കാമെന്നും വിദേശങ്ങളിൽ നല്ല ജോലി നൽകാമെന്നും വിശ്വസിപ്പിച്ച് പണവും സ്വർണ്ണവും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. ഇയാൾ പല സ്ഥലങ്ങളിലും വീട് വാടകയ്ക്കെടുത്ത് പല പേരുകളിൽ കഴിഞ്ഞതായും കോവളം പൊലീസ് എസ്.എച്ച്. .ജയപ്രകാശ് പറഞ്ഞു. എന്നാൽ ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്ന ഇയാളെക്കുറിച്ചുള്ള ഒരു രേഖയും പരാതിക്കാരിയുടെ പക്കൽ ഇല്ലാത്തത് പൊലീസിനെ വട്ടം ചുറ്റിക്കുന്നുണ്ട്. ഇയാൾ താമസിച്ച വീടിന്റെ ഉടമയ്ക്ക് ഇയാളുടെ തിരിച്ചറിയൽ രേഖകൾ ഒന്നും ലഭിച്ചിട്ടില്ല. .