fly-over

അങ്ങനെ,​ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കേറിയ ശ്രീകാര്യത്ത് ഫ്ളൈഓവർ നിർമ്മാണത്തിനുള്ള ടെൻഡറിന് മന്ത്രിസഭാ അംഗീകാരം ലഭിച്ചിരിക്കുകയാണ്. സർക്കാർ മനസുവച്ചിരുന്നുവെങ്കിൽ പത്തുവർഷം മുൻപെങ്കിലും യാഥാർത്ഥ്യമാകേണ്ടിയിരുന്ന പദ്ധതിയാണിത്. ശ്രീകാര്യം ഫ്ളൈഓവറിന്റെ ആലോചനയ്ക്കൊപ്പം ഇത്രയും തന്നെയോ അതിലേറെയോ തിരക്കനുഭവപ്പെടുന്ന പേരൂർക്കടയിലും പട്ടത്തും ഫ്ളൈഓവറുകൾ നിർമ്മിച്ച് വാഹനയാത്ര സുഗമമാക്കാൻ പദ്ധതിയിട്ടതാണ്. നടന്നില്ലെന്നു മാത്രം. പേരൂർക്കട ഫ്ളൈഓവർ ദാ, വന്നുകഴിഞ്ഞെന്ന പ്രഖ്യാപനം പലതവണ ഉണ്ടായതാണ്. നടപടിക്രമങ്ങളിൽ കുടുങ്ങി അത് കടലാസിൽത്തന്നെ കിടക്കുന്നു. നഗര റോഡുകളിലെ വാഹനപ്പെരുപ്പം നോക്കിയാൽ എത്രയോ ഇടങ്ങളിൽ മേൽപ്പാലങ്ങളും ഫ്ളൈഓവറുകളും അനിവാര്യമാണെന്നു കാണാം.

എന്നാൽ,​ നമ്മുടെ നഗരാസൂത്രകരുടെ കണ്ണിൽ ഇതൊന്നും പെടുന്നില്ലെന്നത് അതിശയമായിരിക്കുന്നു. മൂക്കിനപ്പുറം കാണാൻ കഴിവില്ലാത്ത ഈ ആസൂത്രകരാണ് തിരുവനന്തപുരത്തിന്റേതു മാത്രമല്ല,​ സംസ്ഥാനത്തെ ഏതു നഗരത്തിന്റെയും ശാപം. സ്‌മാർട്ട് റോഡുകളെന്ന പേരിൽ നിലവിലെ റോഡുകൾ പൊളിച്ച് കുളമാക്കിയതു കണ്ടാലറിയാം,​ ഇവരുടെ ആസൂത്രണ വൈഭവം! സ്ഥലം എടുക്കുന്നതിനുള്ള ചെലവുൾപ്പെടെ 135.37 കോടി രൂപയാണ് ശ്രീകാര്യം ഫ്ളൈഓവറിന്റെ ചെലവ്. ഫ്ളൈഓവറിനു മാത്രം 71.38 കോടിയുടെ ടെൻഡറാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 535 മീറ്റർ മാത്രം ദൈർഘ്യമുള്ള ഫ്ളൈഓവർ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്നാണ് പറയുന്നത്. സാദ്ധ്യമായാൽ നല്ല കാര്യം തന്നെ. ഒന്നര വർഷമാണ് കരാറുകാർക്ക് അനുവദിച്ചിട്ടുള്ള സമയം. റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ തന്നെ ഭാരിച്ച പണം കണ്ടെത്തണം. ശ്രീകാര്യം ഫ്ളൈഓവറിനാവശ്യമായ 1.34 ഹെക്ടർ ഭൂമിക്കായി മാത്രം 64 കോടിയിൽപ്പരം രൂപ മുടക്കേണ്ടിവന്നു.

നിലവിലെ റോഡുകൾക്കു മുകളിൽ സാദ്ധ്യമായ ഇടങ്ങളിലെല്ലാം ഫ്ളൈഓവറുകളും ജംഗ്‌ഷനുകളിൽ മേൽപ്പാലങ്ങളും നിർമ്മിക്കുകയാണെങ്കിൽ നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. ഇതിനുള്ള സാദ്ധ്യതകൾ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നതു നന്നായിരിക്കും. തിരുവനന്തപുരം നഗരത്തിൽത്തന്നെ ഉള്ളൂർ, മെഡിക്കൽ കോളേജ്, അട്ടക്കുളങ്ങര, വഴുതക്കാട് തുടങ്ങി എത്രയോ കേന്ദ്രങ്ങളിൽ ഗതാഗതം അനുദിനം ദുഷ്‌കരമായി വരികയാണ്. ഇവിടങ്ങളിൽ അനുയോജ്യമായ ഫ്ളൈഓവറുകളോ മേൽപ്പാലങ്ങളോ ഉണ്ടായാൽ ഏറെ സൗകര്യമാകും. മരാമത്തു വകുപ്പിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്. ഒന്നര വർഷമാണ് ശ്രീകാര്യം ഫ്ളൈ ഓവർ നിർമ്മാണത്തിന് കാലാവധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും അതിനു മുൻപേ തീർക്കാൻ പാകത്തിൽ പണി മുന്നോട്ടു കൊണ്ടുപോകണം.

നിർമ്മാണ സാങ്കേതിക വിദ്യകൾ ഏറെ പുരോഗതി പ്രാപിച്ചിട്ടുള്ള ഇക്കാലത്ത് അരകിലോമീറ്റർ മാത്രം നീളംവരുന്ന ഒരു ഫ്ളൈഓവർ പൂർത്തിയാക്കാൻ അധിക കാലമൊന്നും വേണ്ട. ഫ്ളൈഓവർ നിർമ്മാണ വേളയിൽ നിലവിലുള്ള ഗതാഗതത്തിന് ചില നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കാം. അധികം ബുദ്ധിമുട്ടിക്കാത്തവിധം ഉചിത മാർഗങ്ങൾ സ്വീകരിച്ചാകണം ഈ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത്. ദേശീയപാതയിൽ ആകാശപ്പാത നിർമ്മാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെ ഇന്ന് വാഹനയാത്രക്കാർ അനുഭവിച്ചുവരുന്ന കഠിന യാതന,​ അതുവഴി സഞ്ചരിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. ഒരുവർഷത്തിനിടെ 28 പേർക്കാണ് അവിടെ വാഹനാപകടങ്ങളിൽ ജീവഹാനി സംഭവിച്ചത്. പുതിയ നിർമ്മാണത്തിനായി റോഡുകൾ അടച്ചുകെട്ടുമ്പോൾ നിർബന്ധമായും പാലിക്കേണ്ട മുൻകരുതലുകളുണ്ട്. ഫ്ളൈഓവർ നിർമ്മാണ വേളയിൽ ഇതൊക്കെ പാലിക്കുമെന്ന് അധികൃതർ ഉറപ്പുവരുത്തണം.