മുപ്പതിനായിരം ആരാധകരുടെ രക്തദാനം

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. സിനിമയുടെ ക്രീസിൽ ഒരേ ഒരു മെഗാസ്റ്റാറായി മമ്മൂട്ടി വിസ്മയങ്ങൾ തീർക്കുന്നു. പോയ വർഷങ്ങൾ പോലെ ഇക്കുറിയും മമ്മൂട്ടി വർഷം. സിനിമകളെല്ലാം ഹിറ്റും സൂപ്പർ ഹിറ്റും. മമ്മൂട്ടിയുടെ അഞ്ചു സിനിമകൾ വരെ റിലീസ് ചെയ്ത ഓണക്കാലം ഉണ്ടായിരുന്നു. എന്നാൽ മുൻ വർഷങ്ങളെപ്പോലെ ഇക്കുറിയും ഓണചിത്രവുമായി മമ്മൂട്ടി തിയേറ്രറിൽ എത്തുന്നില്ല. എന്നാൽ മമ്മൂട്ടി ക്യാമറയ്ക്ക് മുൻപിൽ തന്നെയാണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എറണാകുളത്തെ ലൊക്കേഷനിൽ ഇന്നലെ ഉച്ചവരെ മമ്മൂട്ടി ഉണ്ടായിരുന്നു. കൊച്ചിയിലെ വീട്ടിലായിരിക്കും പിറന്നാൾ ആഘോഷം. മമ്മൂട്ടി- ഗൗതം മേനോൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങും. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ബസൂക്ക നവംബറിലോ ഡിസംബറിലോ റിലീസ് ചെയ്യും. രണ്ടു ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്ന ബസൂക്കയിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.
അതേ സമയം ജന്മദിനത്തിൽ മുപ്പതിനായിരം ആരാധകർ രക്തദാനം നടത്താൻ ഒരുങ്ങുന്നു. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷൻ ഇന്റർ നാഷണൽ രക്തദാനത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിലായി നടപ്പിലാക്കുന്ന രക്തദാനം ആഗസ്റ്റ് അവസാനം ആരംഭിച്ചിരുന്നു.
കേരളത്തിലും രക്തദാനം വിപുലമായി നടത്തുവെന്ന് മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷൻ സ്റ്രേറ്റ് കമ്മിറ്റി അറിയിച്ചു.
ജന്മദിന ആശംസകൾ മമ്മൂക്കാ,'
പുതുജന്മത്തിൽ മഞ്ജിമ
“ജന്മദിന ആശംസകൾ മമ്മൂക്കാ.... എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു..” ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്തംബർ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരി മഞ്ജിമയെ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി, രാജഗിരി ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്യ്ത് വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു പാലക്കാട് സ്വദേശിയായ മഞ്ജിമ. മഞ്ജിമയുടെ സാമ്പത്തിക സ്ഥിതിയും ആരോഗ്യസ്ഥിതിയും മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.ശിവ് കെ. നായരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം അതിവിദ്ഗദമായി ശ്വാസകോശ സമ്മർദ്ദം നിയന്ത്രണാതീതമാക്കി ദ്വാരമടച്ചു. മഞ്ജിമയുടെ ഉയർന്ന ശ്വാസകോശ സമ്മർദ്ദം നിയന്ത്രിച്ചു കൊണ്ട് ശസ്ത്രക്രിയ നടത്തുക എന്നതായിരുന്നു വെല്ലുവിളിയെന്ന് ഡോ.ശിവ് കെ നായർ പറഞ്ഞു. കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ.റിജു രാജസേനൻ നായർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.മേരി സ്മിത തോമസ്, ഡോ.ഡിപിൻ, ഡോ.അക്ഷയ് നാരായൺ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി ചെയ്തത്. 2022 മേയിൽ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ അമ്പതോളം ശസ്ത്രക്രിയകൾ പൂർത്തിയാക്കിയെന്ന് കെയർ ആൻഡ് ഷെയർ ഭാരവാഹികൾ പറഞ്ഞു.